അത് കേട്ട് അവൾ ഒന്ന് ചിരിച്ചു.
“പക്ഷെ മോളുടെ സൗന്ദര്യത്തിനു മാത്രം ഒരു മാറ്റവും ഇല്ല. അന്നും ഇന്നും കാണാൻ സുന്ദരി തന്നാണ് മോള്.. ഒന്നും കൂടി ഒന്ന് വെളുത്തിട്ടുണ്ടെങ്കിലേ ഉള്ളു.”
ഒരാൾ തന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
പെട്ടെന്നാണ് അവരുടെ ഇടതു വശത്തു നിന്നായി ഒരു ശബ്‌ദം അവർ കേട്ടത്.
“ഇവളെ ഇങ്ങനെ പൊക്കാതെ.. അവളിനി തറയിലൊന്നും നിൽക്കില്ല.”
ഇരുവരും പെട്ടെന്ന് തിരിഞ്ഞു ഇടതു വശത്തായി നോക്കി.
അവിടെ കൈയും കെട്ടി അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു ശ്രീഹരി.
കാബിനുള്ളിൽ ഇരുന്നു പുറത്തേക്ക് നോക്കുമ്പോഴാണ് ‘അമ്മ ജീനയുടെ അരികിൽ നിൽക്കുന്നത് ശ്രീഹരി കണ്ടത്. അപ്പോൾ അവൻ അവരുടെ അടുത്തേക്ക് വരുകയായിരുന്നു.
‘അമ്മ കല്യാണത്തിന് വരുന്ന കാര്യം ഫോൺ വിളിച്ചപ്പോൾ അവനോടു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ ഒരു സന്ദർശനം അവൻ പ്രതീക്ഷിച്ചിരുന്നതിനാൽ അമ്മയെ പെട്ടെന്ന് കണ്ടിട്ടും ശ്രീഹരിക്കു ഞെട്ടലൊന്നും ഉണ്ടായില്ല.
ശ്രീഹരിയുടെ തന്നെ കളിയാക്കി കൊണ്ടുള്ള ഡയലോഗ് കേട്ടപ്പോൾ ജീന ‘അമ്മ കാണാതെ അവനെ ചുണ്ടുകൾ കൊണ്ട് ഗോഷ്ടി കാണിച്ചു. അവളുടെ മുഖ ഭാവം കണ്ട സ്റ്റാഫുകളിൽ ചിലരുടെ ചുണ്ടിൽ ചിരി നിറഞ്ഞു.
“നീ ഇവളെ കളിയാക്കയൊന്നും വേണ്ട, എന്റെ മോള് സുന്ദരി തന്നെയാ.”
ശ്രീഹരി അമ്മയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“‘അമ്മ വാ.. നമുക്ക് അകത്തേക്ക് ഇരിക്കാം.”
ശ്രീഹരി അമ്മയെ കൈയിൽ പിടിച്ച് അകത്തേക്ക് കൊണ്ട് പോയപ്പോൾ ജീനയും അവർക്കൊപ്പം ചെന്നു.
കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ അംബികാമ്മ ചോദിച്ചു.
“നീ പനി പിടിച്ച് കിടപ്പിലായിരുന്നെന്ന് പറഞ്ഞിട്ട് വലിയ ക്ഷീണമൊന്നും കാണുന്നില്ലല്ലോ.”
ജീനയെ നോക്കികൊണ്ട് ശ്രീഹരി പറഞ്ഞു.
“എങ്ങനെ കാണാനാണ്.. മരുന്ന്, കഞ്ഞി, ഫ്രൂട്സ് എന്നും പറഞ്ഞു ഇവൾ പിറകെ നടക്കുകയല്ലായിരുന്നോ.”
ജീനയുടെ കൈയിൽ പിടിച്ച് കൊണ്ട് ‘അമ്മ പറഞ്ഞു.
“ഇവൾ ഇപ്പോൾ നിന്റെ കൂടെ ഉണ്ടെന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. അതാ നീ പനി പിടിച്ച് കിടപ്പിലാണെന്ന് അറിഞ്ഞിട്ടും ഞാൻ ഓടിപ്പിടച്ച് ഇങ്ങു വരാഞ്ഞത്.. നിന്റെ കൂടെ നിന്ന് മോള് നോക്കിക്കൊള്ളുമെന്ന് എനിക്കറിയാമായിരുന്നു.”