കല്യാണത്തിന് ശേഷം അനുപമയുടെ അച്ഛന്റെ ക്ഷണ പ്രകാരം ശ്രീഹരിയും ജീനയും ഫോട്ടോ എടുക്കാനായി അനുവിന്റെ അടുത്തേക്ക് പോയി.
അനുപമ അവർ രണ്ടുപേരെയും ഹസ്ബന്റിനു പരിചയപ്പെടുത്തി കൊടുത്തു. ഒരു സൗഹൃദ സംഭാഷണത്തിന് ശേഷം അവർ ഫോട്ടോക്ക് പോസ് ചെയ്തു.
ഫോട്ടോ എടുത്തു കഴിഞ്ഞ് അവർ രണ്ടുപേരും അവിടന്ന് പോകാൻ തുനിഞ്ഞപ്പോൾ അവരെ തടഞ്ഞു നിർത്തിക്കൊണ്ട് അനുപമ പറഞ്ഞു.
“ഞാൻ ഒരു കാര്യം പറയട്ടെ?”
ശ്രീഹരി ആകാംഷയോടെ ചോദിച്ചു.
“എന്താ?”
“നിങ്ങൾ രണ്ടുപേർക്കും കല്യാണം കഴിച്ചൂടെ. പെർഫെക്റ്റ് പാർട്നെഴ്സ് ആയിരിക്കും നിങ്ങൾ.. സാറിനെ ജീനയെക്കാളും നന്നായി നോക്കുന്ന ഒരു പെൺകുട്ടിയെ ഇനി കിട്ടില്ല.”
പെട്ടെന്നുള്ള അനുവിന്റെ പറച്ചിൽ കേട്ട് ശ്രീഹരി ഒന്ന് ഞെട്ടി. ജീനയുടെ മുഖത്ത് അപ്പോഴും ഒരു തമാശ കേട്ട ചിരിയായിരുന്നു നിറഞ്ഞു നിന്നത്.
ശ്രീഹരി ഒരു തമാശയെന്നവണ്ണം പറഞ്ഞു.
“നിന്റെ ഈ ആശയത്തെ കുറിച്ച ഞാൻ ഒന്ന് ചിന്തിച്ച് നോക്കട്ടെ.”
ഒരു ചിരിയോടെ ശ്രീഹരിയും ജീനയും അവിടെ നിന്നും നടന്നു നീങ്ങി.
.
.
റോഡിൽ നിന്നും മാളിന്റെ എൻട്രൻസിലോട്ട് കടന്ന ശ്രീഹരി കാർ നേരെ പാർക്കിംഗ് ഏരിയയിലേക്ക് കൊണ്ട് പോയി. കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ ജീനയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായിരുന്നു.
അന്നൊരു ഞായറാഴ്ച ദിവസം ആയിരുന്നു. തലേദിവസം ജീന ശ്രീഹരിയോട് പറഞ്ഞതായിരുന്നു ഇന്ന് അവളെ ഫിലിം കാണാൻ കൊണ്ട് പോകണമെന്ന്. പണ്ട് കോളേജിൽ പഠിക്കുമ്പോൾ ശ്രീഹരിക്കൊപ്പം ഫിലിം കാണാൻ പോയതിനു ശേഷം പിന്നീടിതുവരെയും അവൾ ഒരു ഫിലിമിനും പോയിട്ടുണ്ടായിരുന്നില്ല.
ഞായറാഴ്ച ആയതിനാൽ രാജുവിന് അവധി കൊടുത്തിരുന്നു. അതിനാൽ ശ്രീഹരി തന്നെയായിരുന്നു കാർ ഓടിച്ചത്.
കാറിൽ നിന്നും ഇറങ്ങിയ ശ്രീഹരി ലിഫ്റ്റിന് അടുത്തേക്ക് നടന്നു. അവന്റെ കൈ ചുറ്റിപ്പിടിച്ച് ജീനയും.
ടിക്കറ്റ് നേരത്തെ തന്നെ ഓൺലൈൻ ആയി ബുക്ക് ചെയ്തിരുന്നതിനാൽ ടിക്കറ്റ് കിട്ടുമോ എന്ന കാര്യത്തിൽ അവന് ടെൻഷൻ ഇല്ലായിരുന്നു.
ലിഫ്റ്റിലേക്ക് കയറുന്നതിനിടയിൽ അവൻ വാച്ചിൽ നോക്കി പറഞ്ഞു.
“6 മണിക്ക് ആണ് ഫിലിം തുടങ്ങുന്നത്. അതിന് ഇനിയും അര മണിക്കൂറിൽ കൂടുതൽ സമയം ഉണ്ട്. നമുക്ക് ചുമ്മാ ഒന്ന് കറങ്ങി നടക്കാം.”
ജീനയ്ക്കും അത് സമ്മതം ആയിരുന്നു.
ലിഫ്റ്റിൽ നിന്നും ഫസ്റ്റ് ഫ്ലോറിൽ ഇറങ്ങിയ അവർ ചുമ്മാ നടന്നു തുടങ്ങി. ഞായറാഴ്ചയും വൈകുന്നേരവും ആയതിനാൽ നല്ല തിരക്കുണ്ടായിരുന്നു.
ജീന അവിടെ ഉണ്ടായിരുന്ന പെൺകുട്ടികളെ ശ്രദ്ധിച്ചു. മിക്കപേരും ജീൻസും ടോപ്പും കുറച്ചു മോഡേൺ രീതിയിലുള്ള ഡ്രെസ്സുകളും തന്നെ ആയിരുന്നു ഇട്ടിരുന്നത്.
“ഇപ്പോഴത്തെ പെണ്പിള്ളേരെല്ലാം നല്ല മോഡേൺ ആണല്ലോ ഇച്ചായാ…”
ശ്രീഹരി എല്ലാരേയും ഒന്ന് നോക്കികൊണ്ട് പറഞ്ഞു.
“ഇപ്പോഴത്തെ മാത്രമല്ല, നമ്മൾ കോളേജിൽ പഠിക്കുന്ന സമയത്തെ മിക്കപേരും ജീൻസിലും ടോപ്പിലേക്കും മാറിയിരുന്നു.. നീയാണ് അന്നും ഇന്നും ഒരു ചുരിദാർ മോഡൽ ഡ്രെസ്സും ഇട്ട് പഴഞ്ചനായി നടക്കുന്നത്.”