“നീ എന്തിനാ മോളെ കരയുന്നത് ഈ ചെകുത്താൻ ചത്തു എന്ന് കരുതിയോ. അങ്ങനെ പെട്ടെന്ന് ഒരു പണി കിട്ടിയാൽ തോറ്റുപോകുന്നത് ആണോ ഞാൻ. പക്ഷേ… പക്ഷേ ഈ പണി എനിക്ക് കിട്ടിയപ്പോൾ ഞാൻ ശരിക്കും മരിക്കും എന്നാണ് ഞാൻ കരുതിയത് കാരണം എതിരാളി എൻറെ ദൗർബല്യം ശരിക്കും മനസ്സിലാക്കിയാണ് എന്നെ പണിഞ്ഞത്.” സാജന്റെ വാക്കുകൾ ഇടറി.
“ആരാ ഇച്ചായാ ആരാ ഇത് ചെയ്തത്… ഇച്ചായന് അറിയാം ആരാന്ന് പറ.”
“ഇല്ല മോളെ ആ ആളെ ഒറ്റിക്കൊടുക്കാൻ എനിക്ക് ഒരിക്കലും ആവില്ല. കാരണം സത്യം എന്തെന്ന് അറിയാതെയാണ് എന്നോട് ചെയ്തത്. ഒരുപക്ഷേ അയാളുടെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ പോലും ഇങ്ങനെ ചെയ്യൂ… മോളെ കൂടുതലൊന്നും ചോദിച്ചറിയാൻ നിക്കണ്ട… ചോദിച്ചാലും ഞാൻ പറയത്തില്ല… മോള് പോയി മറ്റുള്ള രോഗികളുടെ കാര്യങ്ങൾ നോക്ക്…”
അത് കേട്ടതും ഒരു അനുസരണയുള്ള കുട്ടിയെ പോലെ ഷെർലി ആ മുറിയിൽ നിന്നും പുറത്തേക്ക് പോയി…
ആ രാത്രിയിൽ തൻറെ നേരെയുണ്ടായ അക്രമം ഒരു കണികപോലും മറക്കാതെ ചെകുത്താന്റെ ഉള്ളിൽ കെട്ടി നിന്നു… ഒപ്പം തന്നെ ആക്രമിച്ച ആ വ്യക്തിയും…
ചെകുത്താൻ തൻറെ കണ്ണുകളടച്ച് തൻറെ ജീവിതത്തിലേക്ക് ഒന്ന് പിന്നോട്ടുപോയി…..
***********************************
12 വർഷങ്ങൾക്കു മുൻപ്…
2007 മാർച്ച്
പത്താംക്ലാസ് ഐടി പരീക്ഷ കഴിഞ്ഞ് എപ്പോഴും ഇരിക്കാറുള്ള സ്കൂളിനു പുറകിലെ കെട്ടിടത്തിന്റെ മുകളിൽ ഇരിക്കുവാണ് സാജനും അവൻറെ കൂട്ടുകാരൻ സഞ്ജുവും.
“അങ്ങനെ പത്താം ക്ലാസ് എന്ന ബാലികേറാമല ഇവിടെ തീർന്നു, അല്ല സഞ്ജു എന്താ നിൻറെ പരിപാടി അടുത്ത്”
“എന്തു പരിപാടി… ഞാൻ വിഷുവിന് വേണ്ടി വെയിറ്റ് ചെയ്യാ മോനേ സാജാ…”
“അത് പിന്നെ പറയണോ മോനേ നമ്മുടെ മമ്മൂക്ക കസറും… ബിഗ്ബി അല്ലേ ബിഗ്ബി…”
“ഡാ നീ വരുന്നില്ലേ നമുക്ക് പോകാം എനിക്ക് കുറച്ചു പണിയുണ്ട്.”
“ഇല്ലടാ എടാ ഞാൻ കുറച്ചു കഴിഞ്ഞിട്ട് വരാം നീ വിട്ടോ”
“ എന്നാൽ ശരി നാളെ കാണാം”
അതും പറഞ്ഞു സഞ്ജു അവിടെ നിന്നും പോയി…