ക്ലാസ്സിൽ കൂടെ പടിക്കുന്നവരെക്കാളും രണ്ടു വയസ് കൂടുതൽ ഉള്ളതുകൊണ്ട് ചെറിയൊരു ബഹുമാനമൊക്കെ കിട്ടുന്നുണ്ട്, കൂടുതൽ അടുക്കുമ്പോൾ ആ ബഹുമാനമൊക്കെ ഇല്ലാതാകുമെന്ന് അവനുതന്നെ അറിയാമായിരുന്നു.
അന്നൊരു ബുധനാഴ്ച ദിവസം ആയിരുന്നു. ഉച്ചയ്ക്ക് ആഹാരം കഴിച്ചു കഴിഞ്ഞു കോളേജ് വരാന്തയിൽ കൂടി നടക്കുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളി.
“ശ്രീഹരി…”
തിരിഞ്ഞു നോക്കിയ അവൻ കണ്ടത് തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ക്ലാരയെ ആണ്.
കഴിഞ്ഞ ഒരാഴ്ച അവനും കോളേജിൽ അവൾക്കായി തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞിരുന്നില്ല. പെട്ടെന്ന് കണ്മുന്നിൽ കണ്ടപ്പോൾ അവനും ഒന്ന് അതിശയിച്ചു.
അവൻ ക്ലാരയെ മൊത്തത്തിൽ ഒന്ന് നോക്കി.
മുന്പത്തേക്കാളും ഒന്ന് വണ്ണം വച്ചിട്ടുണ്ട്. മുഖത്തെ ആ പുഞ്ചിരിയും കണ്ണുകളിലെ കാന്തശക്തിയും ഇപ്പോഴും അതുപോലെ തന്നെ ഉണ്ട്.
ക്ലാര ചോദിച്ചു.
“നീയെന്താ ഇവിടെ?”
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ഞാൻ ഇപ്പോൾ നിന്റെ ജൂനിയർ ആണ്, ഇവിടെ ആദ്യവർഷ വിദ്യാർത്ഥി.”
അവൾ ഒരു ചിരിയോടെ ചോദിച്ചു.
“ഇവിടെയും എനിക്ക് സമാധാനം തരില്ലെന്നാണല്ലേ?”
“അതെനിക്ക് ഉറപ്പു തരാനാകില്ല.”
അവൾ തമാശയായി തിരിച്ചു പറഞ്ഞു.
“പണ്ടത്തെ കളിയുമായി എന്റെ അടുത്തേക്ക് വരണ്ട. ഞാൻ ഇപ്പോൾ നിന്റെ സീനിയർ ആണ്. റാഗിങ് ചെയ്തു കളയും.”
“രണ്ടു വർഷം എടുത്തു.”
അവൾ മനസിലാകാതെ ചോദിച്ചു.
“എന്തിന്?”
“അന്നത്തെ പ്രൊപ്പോസലിന് ശേഷം എന്നോടൊന്ന് മിണ്ടാൻ.”
അവളത് കേട്ട് ഒന്ന് ചിരിച്ചു.
അത് കണ്ട് അവൻ പറഞ്ഞു.
“എന്തായാലും പണ്ടത്തെ മിണ്ടാപൂച്ചയല്ല എപ്പോഴെന്ന് മനസിലായി.”
“കോളേജ് അല്ലെ മോനേ. ഒന്ന് പിടിച്ചു നിൽക്കണ്ടേ?”
“മൊബൈൽ ഉണ്ടോ? നമ്പർ തന്നാൽ ഞാൻ പിന്നെ വിളിക്കാമായിരുന്നു.”
“ആഹാ, ഒന്ന് സംസാരിച്ചപ്പോഴേക്കും നമ്പർ ചോദിക്കുന്നോ?.. നീ ആള് കൊള്ളാല്ലോ.”
അവൻ ഒന്ന് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
അവൾ തിരിച്ചു നടക്കുന്നതിനിടയിൽ പറഞ്ഞു.
“ക്ലാസ് തുടങ്ങാനായി.. നമ്മൾ ഇവിടെ തന്നെ ഉണ്ടാലോ.. ഞാൻ ആലോചിക്കട്ടെ നമ്പർ തരണമോ വേണ്ടയോ എന്ന്.”
അവൾ നടന്നകലുന്നത് ഒരു പുഞ്ചിരിയോടെ അവൻ നോക്കി നിന്നു.
.
.