അപ്പോഴേക്കും ജീന ഒരു ഗ്ലാസിൽ ജ്യൂസുമായി വന്നു അവനു കൊടുത്തു. നല്ല ദാഹം ഉണ്ടായിരുന്നത് കൊണ്ട് അവൻ അപ്പോഴേ അത് വാങ്ങി കുടിച്ചു.
ശ്രീജ പറഞ്ഞു.
“ഡാ ഒരു കാര്യം പറയാൻ മറന്നു. കോളേജിൽ നിന്റെ ക്ലാസ്സിൽ തന്ന ഇവളും.”
കുടിച്ചു തീർന്ന ഗ്ലാസ് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് ശ്രീഹരി പറഞ്ഞു.
“ആഹാ.. അപ്പോൾ എനിക്ക് ഒരു കൂട്ടായല്ലോ.”
ജീന ഗ്ലാസ് വാങ്ങി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ശേഷം അടുക്കളയിലേക്ക് നടന്നു.
“അവൾ അങ്ങനെ അതികം സംസാരിക്കാറില്ലടാ. ഈ ഇടയ്ക്കാണ് എന്നോടുതന്നെ നല്ലപോലൊന്നു സംസാരിച്ചു തുടങ്ങിയെ.. ജീവിതത്തിൽ കുറെ കഷ്ടത അനുഭവിച്ചതാ.. എന്ത് ജോലി വേണമെങ്കിലും ചെയ്തോളും പാവം.”
ഇത്രയും കേട്ടതിൽ നിന്നുതന്നെ അവന്റെ മനസ്സിൽ അവളോടൊരു അനുകമ്പ രൂപം കൊണ്ടിരുന്നു.
“ഇച്ചായൻ എവിടെ ചേച്ചി?”
“ഓഫീസിൽ പോയടാ.. വൈകിട്ടാകും വരാൻ.. നീ പോയി കുളിച്ചു വാ, അപ്പോഴേയ്ക്കും കഴിക്കാനെടുക്കാം.”
രണ്ടാമത്തെ നിലയിടെ ഒരു റൂമായിരുന്നു അവനു വേണ്ടി റെഡി ആക്കിയിരുന്നു. ശ്രീഹരി കുളിച്ചു വന്നപ്പോഴേക്കും ആഹാരം കഴിക്കാൻ എടുത്തു വച്ചിരുന്നു. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടോ എന്തോ ആഹാരത്തിനൊക്കെ നല്ല ടേസ്റ്റ് പോലെ തോന്നി അവന്. നല്ല യാത്ര ക്ഷീണം ഉള്ളതിനാൽ ആഹാരം കഴിച്ചയുടൻ പോയി കിടന്നു ഉറങ്ങി അവൻ. പിന്നെ ഉറക്കം എഴുന്നെല്കുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. അപ്പോഴേക്കും സിജോയും വീട്ടിൽ വന്നിരുന്നു. അവിടത്തെ ആദ്യ ദിവസത്തെ രാത്രി പിന്നെ ശ്രീജയും സിജോയുമൊക്കെയായി കുടുംബ വിശേഷങ്ങളും നട്ടുവർത്തമാനങ്ങളുമൊക്കെ പറഞ്ഞങ്ങു കടന്നു പോയി.
അപ്പോഴൊക്കെയും ജീന ജോലിയുമായി അടുക്കളയിൽ കൂടിയതല്ലാതെ അവർക്കിടയിലേക്ക് കടന്നു വന്നില്ലെന്ന് അവൻ ശ്രദ്ധിച്ചിരുന്നു.
. . . .
കോളജിലെ ആദ്യത്തെ ഒരാഴ്ച പെട്ടെന്ന് കടന്നു പോയി. ഈ ഒരാഴ്ച്യ്ക്കുള്ളിൽ ക്ലാസ്സിലെ എല്ലാപേരുമായും പരിചയപെട്ടു. ക്ലാസ്സിൽ വച്ച് ജീനയെ കാണാറുണ്ട്. അപ്പോഴൊക്കെ ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ പ്രതികരണം. വീട്ടിലും ഇത് തന്നെ അവസ്ഥ. എന്തെങ്കിലും ആവിശ്യം ഉണ്ടോന്നു ചോദിക്കാനായി മാത്രം വാ തുറക്കും. ബൈക്കിൽ ആയിരുന്നു കോളേജിൽ പോയിരുന്നത്. ജീന ബസിലും. ചില ദിവസങ്ങളിൽ നടന്നും പോകും. അവളോട് ബൈക്കിൽ കോളജിലേക്ക് വരുന്നൊന്നു അവൻ ചോദിച്ചിട്ടില്ല. ചോദിച്ചാലും അവൾ അവൾ വരില്ലെന്ന് അവന് ഉറപ്പായിരുന്നു. പിന്നെ ശ്രീജ ചേച്ചിയോ ഇച്ചായനോ ആവിശ്യപെട്ടിട്ടും ഇല്ല അവളെകൂടി കൊണ്ട് പോകാൻ.