“ഞാൻ ഇന്നലെ തന്നെ അച്ഛനെ വിളിച്ചു നിന്നെ കുറിച്ച് എല്ലാം പറഞ്ഞു.. നിനക്ക് ഒരു വിഷമവും വരാതെ നോക്കിക്കൊള്ളണമെന്ന എന്റെ അച്ഛൻ എന്നോട് പറഞ്ഞത്. നിനക്കിനി എന്റെ കൂടെ ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ എന്തെങ്കിലും കുഴപ്പമുണ്ടോ ഇല്ലയോ എന്ന് മാത്രം അറിഞ്ഞാൽ മതി.”
അവൾ സന്തോഷത്തോടെ പറഞ്ഞു.
“എനിക്ക് ഒരു കുഴപ്പവും ഇല്ല.”
“നീ എടുത്തു ചാടി ഒന്നും അങ്ങനെ പറയണ്ട.. നീ വിചാരിക്കുന്ന പോലൊന്നും ഞാൻ അത്ര പെർഫെക്റ്റ് അല്ല.”
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ഇച്ചായൻ എത്ര പെർഫക്ട് അല്ലെന്നു പറഞ്ഞാലും ഇന്നലെ എന്നെ കെട്ടിപ്പിടിച്ചപ്പോൾ അതിലുമുണ്ടായിരുന്നു എന്നോട് ഇത്തരത്തിൽ ഉള്ള സ്നേഹമാണ് ഉള്ളതെന്ന്.”
“ഒരു കെട്ടിപിടുത്തതിൽ നിന്നും അതൊക്കെ മനസിലാക്കാൻ പറ്റുമോ?”
“ചിലപ്പോഴൊക്കെ അത് മനസിലാക്കാൻ പറ്റും.”
അവൻ ഒരു പുഞ്ചിരിയോടെ ഇരുന്നു ആഹാരം കഴിച്ചു.
രണ്ടുപേരും ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ അവൻ അവളെ പിടിച്ചു ഒരു കസേരയിൽ ഇരുത്തി. എന്നിട്ട് നെറ്റിയിലെ മുറിവിൽ ഓടിച്ചിരുന്നത് സാവധാനം ഇളക്കി മാറ്റി. മരുന്നും പഞ്ഞിയും മുറിവിൽ ഒട്ടിപിടിച്ചിരുന്നതിനാൽ അത് ഊരി മാറ്റുമ്പോൾ അവൾക്കു നന്നായി വേദനിച്ചിരുന്നു.
അവന്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“വേദനിക്കുന്നു ഇച്ചായാ.”
തന്റെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന അവളുടെ കരങ്ങൾ പിടിച്ചു മാറ്റിക്കൊണ്ട് അവൻ പറഞ്ഞു.
“കുറച്ചു നേരത്തേക്കൊന്നു വേദന സഹിച്ചാൽ മതി. ഇപ്പോൾ കഴിയും.”
അവൻ വീണ്ടും തന്റെ പണി തുടർന്നു.
അവൻ മുറിവ് വൃത്തിയാക്കുമ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ച് ചുണ്ടുകൾ കടിച്ചു പിടിച്ചിരുന്നു. അവൻ നല്ല വൃത്തിയായി തന്നെ മുറിവിൽ മരുന്ന് വച്ചു ഒട്ടിച്ചു വച്ചു.
എന്നിട്ട് അവളുടെ കവിളിൽ കൈ കൊണ്ട് ചെറുതായി തട്ടികൊണ്ട് പറഞ്ഞു.
“ഇനി മോള് കണ്ണ് തുറന്നുള്ളു.. എല്ലാം കഴിഞ്ഞു.”
അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം വാച്ചിൽ നോക്കി ചാടി എഴുന്നേറ്റുകൊണ്ടു പറഞ്ഞു.
“അയ്യോ.. സമയം ലേറ്റ് ആയി, ഇന്ന് അങ്ങ് എത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിയിരിക്കും.”
“അതിനെന്തിനാ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. ഇന്ന് എന്റെ കൂടെ വാ.”
“ഇച്ചായന്റെ കൂടെയോ?”
അവൻ നിസാര മട്ടിൽ പറഞ്ഞു.
“ഇന്ന് നീ നടന്നു അങ്ങ് എത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിയിരിക്കും. അതിനേക്കാളും എന്റെ കൂടെ ബൈക്കിൽ വരുന്നതല്ലേ നല്ലത്.”
അവൾക്കും അതാണ് നല്ലതെന്നു തോന്നി.
ബൈക്കിൽ ശ്രീഹരിയുടെ പിന്നിൽ ഇരുന്നു പോകുന്നതിനിടയിൽ ഇടതു കൈ അവന്റെ തോളിൽ അമർത്തി അവനോടു ചേർന്ന് ഇരുന്നുകൊണ്ട് ജീന ചോദിച്ചു.