“ചേച്ചി .. ഇന്നലെ ചേച്ചി ഇല്ലാത്തതു കൊണ്ട് ഞാൻ എന്തുമാത്രം ബുദ്ധിമുട്ടി എന്നറിയാമോ ”
ലഞ്ച് ബ്രേക്കിന് പിരിയുമ്പോൾ രേവതി പറഞ്ഞു.
“ഇന്നലെ തീരെ സുഖമില്ലായിരുന്നു മോളെ .. മോള് പോയി ആഹാരം കഴിച്ചു വരൂ “
“അതെന്താ ചേച്ചി വരുന്നില്ലേ ..?”
രേവതി ചോദിച്ചു.
“ഞാൻ ലഞ്ച് കൊണ്ടു വന്നിട്ടില്ല ..”
“എങ്കിൽ വരൂ നമുക്ക് എന്റെ ലഞ്ച് ഷെയർ ചെയ്യാം…”
“വേണ്ട മോളെ ..”
“പറ്റില്ല പറ്റില്ല .. ചേച്ചി വന്നില്ല എങ്കിൽ ഞാനും കഴിക്കില്ല ”
അല്പം കൊഞ്ചലോടെ രേവതി പറഞ്ഞു.
‘ ഈ കുട്ടിയെ കൊണ്ട് വലിയ പാടായല്ലോ .. ഒരു പേരിനു വേണ്ടി എന്തെങ്കിലും കഴിച്ചു എന്ന് വരുത്താം .. ആര്യാദേവി മനസ്സിൽ കരുതി ‘
ലഞ്ചിന് ശേഷം രേവതി അടുത്തു നിന്നും മാറിയ തക്കം നോക്കി സരസമ്മ ചേച്ചി കൊടുത്ത അഡ്വക്കേറ്റ് രമേഷിന്റെ നമ്പർ
ആര്യ ദേവി ഡയൽ ചെയ്തു.
“ഹലോ … “
മറുതലയ്ക്കൽ അഡ്വ രമേഷിന്റെ ഘന ഗംഭീരമായ ശബ്ദം മുഴങ്ങി.
“ഹലോ .. രമേശ് അല്ലേ .. ഞാൻ കോട്ടയത്തു നിന്നും വിളിക്കുകയാണ് “
“അതെ രമേഷാണ് പറഞ്ഞോളൂ …”
“എനിക്ക് പേഴ്സണലായി ഒരു കാര്യം സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു .. ഇപ്പോൾ ഫ്രീ ആണോ ?”
“ഇപ്പോൾ ഫ്രീ അല്ല കുറച്ചു തിരക്കിലാണ് കേസിന്റെ എന്തെങ്കിലും കാര്യങ്ങളാണ് സംസാരിക്കേണ്ടത് എങ്കിൽ നേരിട്ട് കാണേണ്ടി വരും .. ഞാൻ ഫോണിൽ കൂടി വക്കാലത്ത് എടുക്കാറില്ല .. ആര്യ ദേവിയുടെ വീട് കോട്ടയം ആണോ ? “
“അല്ല എന്റെ വീട് കൊല്ലത്താണ് ഞാൻ വർക്ക് ചെയ്യുന്നത് കോട്ടയം ആണ് “
“ഓകെ .. വൈകുന്നേരം വീട്ടിലേക്ക് എങ്ങനെയാണ് പോകുന്നത് ..? “
“ഞാൻ കോട്ടയം കൊല്ലം പാസഞ്ചറിന് ആണ് പോകുന്നത് ..”
ആര്യാദേവി പറഞ്ഞു.
“ഓകെ. . ഞാൻ ഇപ്പൊൾ ആലപ്പുഴയിൽ ഉണ്ട് , ഒരു കാര്യം ചെയ്യാം വൈകുന്നേരം ചങ്ങനാശേരിയിൽ നിന്നും ഞാൻ കോട്ടയം കൊല്ലം പാസഞ്ചറിൽ കേറിക്കൊളാം .. എന്നിട്ട് വിളിക്കാം ”
രമേഷ് പറഞ്ഞു.
‘ കോട്ടയം കൊല്ലം പാസഞ്ചർ എന്ന് കേൾക്കുമ്പോൾ ഇപ്പൊൾ നെഞ്ചില് ഒരു തീയാണ് .. എല്ലാം തുടങ്ങിയത് പാസഞ്ചറിൽ നിന്ന് അല്ലേ … ഒരു പക്ഷേ , എന്റെ രക്ഷകൻ ആയിട്ട് വക്കീൽ വരുന്നതും അതേ പാസഞ്ചറിൽ തന്നെ ആയ്ക്കൊട്ടെ ‘
ഫോൺ വെച്ച ശേഷം ആര്യ ദേവി മനസ്സിൽ കരുതി.