തിരിഞ്ഞു നോക്കിയപ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ആൾത്തിരക്കിൽ എവിടെയോ സരസമ്മ ചേച്ചി മറഞ്ഞിരുന്നു .. അൽപം പിന്നോട്ട് നടന്നപ്പോൾ മറ്റാരെയോ സംസാരിച്ചു കത്തി വെക്കാൻ കിട്ടിയ സന്തോഷത്തിൽ പതുക്കെ വരുന്ന ചേച്ചിയെ കണ്ടു.
“ങ്ഹെ .. മോള് പോയില്ലേ …?”
ആര്യ ദേവിയെ കണ്ട സരസമ്മ ചേച്ചി ചോദിച്ചു.
“ഞാൻ ചേച്ചിയൊട് ഒരു കാര്യം തിരക്കാൻ വന്നതാണ് .. അന്നൊരു വക്കീലിന്റെ കാര്യം പറഞ്ഞില്ലായിരുന്നോ തിരുവനന്തപുരത്തുള്ള …”
“രമേശ് ആണോ …?”
പറഞ്ഞു മുഴുമിപ്പിക്കും മുൻപ് സരസമ്മ ചേച്ചി തിരികെ ചോദിച്ചു.
“അതേ .. പുള്ളിയുടെ കോൺടാക്ട് നമ്പർ കിട്ടാൻ വഴിയുണ്ടോ ?”
“നമ്പർ എന്റെ കയ്യിൽ ഉണ്ട് മോള് ഇപ്പൊൾ എന്തിനാണ് വക്കീലിനെ അന്വേഷിക്കുന്നത് … ?”
“ബാങ്കിലെ ഒരു ചെക്ക് കേസ് ഉണ്ടായി അതിൻറെ കാര്യം ഒന്ന് സംസാരിക്കുന്നതിന് വേണ്ടിയാണ് “
പെട്ടെന്ന് മനസ്സിൽ തോന്നിയ കള്ളം പറഞ്ഞ് ഒപ്പിച്ചു.
ചേച്ചിയിൽ നിന്നും നമ്പർ വാങ്ങി , ബസ്സിൽ ബാങ്കിലേക്ക് പോകുമ്പോഴുംമനസ്സ് വക്കീലിനെ വിളിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു.
“ആര്യ ദേവി … എന്തുപറ്റി പതിവില്ലാതെ പെട്ടെന്ന് ഇന്നലെ ഒരു ലീവ് എടുക്കൽ .. ഒന്നു വിളിച്ചു പോലും പറഞ്ഞില്ലല്ലോ .. പോരാത്തതിന് ദേ ഇന്ന് താമസിച്ചാണ് വന്നിരിക്കുന്നത് “
ബാങ്ക് മാനേജർ തോമസ് സാർ ചോദിച്ചു.
“ഇന്നലെ തീരെ സുഖമില്ലായിരുന്നു സർ അതുകൊണ്ടാണ് ..”
“ഓകെ ഓകെ .. എന്തെങ്കിലും തക്കതായ കാരണമില്ലാതെ ലീവ് എടുക്കില്ല എന്നറിയാം എന്നാലും ചോദിച്ചെന്നേയുള്ളു .. ജോലി നടക്കട്ടെ “
മാനേജർ പറഞ്ഞു.
പിടിപ്പത് പണി തന്നെയായിരുന്നു ബാങ്കിൽ .. പ്രൊബേഷണറി ഓഫീസറായി വന്നിരിക്കുന്ന രേവതി ഇപ്പോഴും കാര്യങ്ങൾ വ്യക്തമായി പഠിച്ചു വരുന്നതേയുള്ളൂ .. ഫലത്തിൽ അവളുടെ ജോലി കൂടി താൻ ചെയ്യേണ്ട അവസ്ഥയാണ് .. ആര്യാദേവി ഓർത്തു.