“എന്നാ താൻ പോയി കടി തീർത്ത് കൊടുക്ക് .. അല്ല പിന്നെ .. എടോ നമ്മൾ വന്നത് കേസ് അന്വേഷണത്തിനാണ് .. അല്ലാതെ ഓട്ടോക്കാരെ മര്യാദ പഠിപ്പിക്കാൻ അല്ല .. എന്താ വേണ്ടത് എന്ന് എനിക്കറിയാം.. ഞാൻ നോക്കിക്കോളാം .. താൻ പോയി ജീപ്പിൽ ഇരുന്നോ “
“അല്ല സാറേ .. ഇവന്മാർക്ക് ..”
ജോണി വീണ്ടും ദേഷ്യത്തോടെ പറഞ്ഞു.
“എടോ തന്നോട് ജീപ്പിൽ പോയി ഇരിക്കാൻ അല്ല ഞാൻ പറഞ്ഞത് ..”
അശോക് അല്പം ശബ്ദം ഉയർത്തി തന്നെ പറഞ്ഞു.
‘ നിന്നെയൊക്കെ ഞാൻ എടുത്തോളാം എന്ന ഭാവത്തിൽ ഓട്ടോക്കാർക്ക് ഒരു നോട്ടം സമ്മാനിച്ചിട്ട് ജോണി ജീപ്പിലേക്ക് പോയി ‘
“ഒരു പ്രധാന കേസിന്റെ അന്വേഷണത്തിനു വേണ്ടിയാണ് ഞങ്ങൾ വന്നിരിക്കുന്നത് .. ഈ ഫോട്ടോയിൽ കാണുന്ന ആളെ നിങ്ങൾക്ക് അറിയാമോ ?”
മൈലക്കാട് ശശിയുടെ ഡെഡ് ബോഡിയുടെ ഫോട്ടോ ഉയർത്തിക്കാട്ടി അശോക് ചോദിച്ചു.
“ഇയാള് ആ കഞ്ചാവ് കച്ചോടക്കാരൻ അല്ലേ … ?”
ഡ്രൈവർ ദേവസ്യ ചോദിച്ചു.
“അതേ … അപ്പോ ഇയാൾക്ക് കഞ്ചാവിന്റെ പരിപാടി ഉണ്ടായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമായിരുന്നു അല്ലേ …?”
“അറിയാം സാറേ .. ഞങ്ങൾക്ക് മാത്രം അല്ല .. ഒരുമാതിരി എല്ലാർക്കും അറിയാം “
ദേവസ്യ മറുപടി പറഞ്ഞു.
“ഇയാളുടെ കൊലപാതകം അന്വേഷിക്കാൻ ആണ് ഞാൻ വന്നത്”
“സാറേ .. കുട്ടികൾക്ക് കഞ്ചാവ് കൊടുത്ത് വഴി തെറ്റിക്കുന്നവൻ ഒക്കെ ചത്ത് തുലയട്ടെ .. അത് നല്ലതല്ലേ ..?”
“പക്ഷേ ഞങ്ങൾക്ക് അങ്ങനെ ചിന്തിക്കാൻ കഴിയില്ല .. ഇയാളെ നിങ്ങള് അവസാനം കണ്ടത് എപ്പോഴാണ് ?”
അശോക് ചോദിച്ചു.
“അവസാനം കണ്ടത് ഇങ്ങേരു ചാവുന്നതിന്റെ അന്നാണ് സാർ “
മറുപടി പറഞ്ഞത് ഡ്രൈവർ വിനീത് ആയിരുന്നു.
“എങ്ങനെ .. എവിടെ വെച്ച് …?”
അശോക് ആകാംഷയോടെ ചോദിച്ചു.
“രണ്ട് ദിവസം മുന്നേ രാത്രി പന്ത്രണ്ട് മണി ആയപ്പോൾ ഒരു സ്ത്രീ വേറൊരു ഓട്ടോയിൽ വന്നിറങ്ങി .. എന്നിട്ട് അവർ ദേ ആ കാണുന്ന പോലീസ് എയ്ഡ് പോസ്റ്റ്ന്റെ അടുത്ത് നിന്നു .. കുറച്ച് കഴിഞ്ഞപ്പോൾ മൈലക്കാട് ശശി അവരുമായി ഓട്ടോയിൽ പോകുന്നത് കണ്ടൂ …”
വിനീത് പറഞ്ഞു.