“എന്താണാവോ ആ അത്യാവശ്യം.. വല്ല ബാങ്കിലോ ഹോസ്പിറ്റലിലോ പോകാനാണോ? ” ഞാൻ ചോദിച്ചു
” പോടാ കിഴങ്ങാ ഈ രണ്ടാം ശനിയാഴ്ചയാണോ ബാങ്ക്… മണ്ടൻ ” അമ്മ എന്നെ ഒന്ന് ആക്കി അവർ രണ്ടുപേരും ചിരിച്ചു
” പിന്നെയെന്താണാവോ അന്വേഷിക്കാൻ … കൽപിക്കൂ മാതാവേ … ” ഞാനും തിരിച്ച് ഒന്ന് ആക്കി
” നിന്റെയീ കാളകളിയൊക്കെ നിർത്തി കുറച്ച് ഉത്തരവാദിത്തം ഏൽപ്പിക്കാൻ പോവാ… വയസ് കൊറേയായില്ലേ ഇനിയിപ്പോ വീട്ടിലെ അംഗസംഖ്യ ഒന്ന് കൂട്ടാം.. അധികം വൈകാതെ ഇവള് പോവൂലെ ” ജീനയെ ചേർത്ത് നിർത്തി അമ്മ പറഞ്ഞു.. എന്റെ കല്യാണക്കാര്യമാണ് പറഞ്ഞതെന്ന് എനിക്ക് മനസിലായി.. ലിയയുടെ മുഖം വാടിയത് ഞാൻ കണ്ടു..
“അല്ല അതിപ്പോ പെട്ടന്ന് ” ഞാൻ വിക്കി
” പെട്ടന്നൊന്നും അല്ല നല്ല സമയമുണ്ട്.. ആറു മാസം.. അവർക്കും കുറച്ചു ധൃതിയുണ്ടേ ” അമ്മ പറഞ്ഞത് കേട്ട് ഞാനും ഒന്ന് ഞെട്ടി
” അപ്പൊ അമ്മ ഉറപ്പിച്ചോ? ” ഞാൻ ചോദിച്ചു
” ഞാനല്ലല്ലോ നിന്റെ തന്ത… തലയിരിക്കുമ്പോൾ വാലാടാൻ പാടുണ്ടോ.. അപ്പനാണ് ഉറപ്പിച്ചത് ഞാനല്ല ” അമ്മ പറഞ്ഞു
” നിങ്ങളിതെന്താ പറയണേ എനിക്ക് ഇഷ്ടമാവണ്ടേ.. വല്ല പെണ്ണുങ്ങളെയും കാണിച്ചിട്ട് കെട്ടാൻ പറഞ്ഞാൽ എങ്ങനാ.. ആ പെണ്ണിനും കാണില്ലേ ആഗ്രഹങ്ങൾ ഒന്നും ചോദിക്കാതെയും പറയാതെയും എന്തോന്നിത്? ” ഞാനല്പം ഒച്ചയെടുത്തു
” ആന്റി ഞാൻ പോട്ടെ !!!! ” ലിയ കരച്ചിലിന്റെ വക്കത്തായിരുന്നു അവൾക്കവിടന്ന് ഓടി രക്ഷപ്പെടാൻ തോന്നിക്കാണും.. ആ നിഷ്കളങ്കമുഖം വാടുന്നത് കണ്ടപ്പോൾ അവളെ ചേർത്ത് നിർത്തി ഇതാണെന്റെ പെണ്ണ് ഇവളെ മതിയെനിക്ക് എന്ന് പറയാൻ തോന്നി
” നീ പോവല്ലേ നിക്ക്… ” അമ്മ ലിയയോട് പറഞ്ഞു എന്നിട്ട് എന്റെ നേരെ നോക്കി “ടാ പൊട്ടാ വല്ല പെണ്ണുങ്ങളെയും ഒക്കെ നിനക്ക് ഞങ്ങൾ ആലോചിക്കുവോ… കാര്യം പൊട്ടനാണെങ്കിലും ഞങ്ങളുടെ ഏക ആൺതരിയല്ലേ.. ഇതിലും നല്ലൊരു പെണ്ണിനെ നിനക്ക് എവിടെ അന്വേഷിച്ചാലും കിട്ടാൻ പോണില്ല.. പിന്നെ നിനക്ക് കാണണം സംസാരിക്കണം അത് ന്യായം… ദേ നിക്കുന്നു നീ സംസാരിച്ചോ നിന്റെ പെണ്ണിനോട് അപ്പൊ പെണ്ണുകാണലും ലാഭമായില്ലേ “… അമ്മയും ജീനയും ചിരിച്ചു.. ലിയയെ ചൂണ്ടിക്കാണിച്ചാണ് അമ്മ അത് പറഞ്ഞതെന്ന് വിശ്വസിക്കാൻ എനിക്കും ലിയക്കും കുറച്ച് സമയം വേണ്ടിവന്നു… ഞങ്ങൾ പരസ്പരം അന്തംവിട്ട് നോക്കിനിന്നു .. അമ്മയുടെ ചിരി കണ്ടിട്ട് ലിയ അവിടെനിന്ന് നാണം കൊണ്ട് ഓടിപ്പോവാൻ ഭാവിച്ചു.. അമ്മ അവളുടെ കയ്യിൽ കയറിപ്പിടിച്ചു..
” മോൾക്കും ഇഷ്ടമാണെന്നാണ് ഷൈനി പറഞ്ഞത്… ഇപ്പൊ ആ നിൽപ് കണ്ടപ്പോ എനിക്ക് ഉറപ്പായി.. വീട്ടിൽ ചെല്ലുമ്പോ അപ്പൻ പറയും ബാക്കി അപ്പൊ അങ്ങ് സമ്മതം മൂളിയെച്ചാ മതി കേട്ടോ… ” അമ്മ പറഞ്ഞു.. അവൾ ഒന്ന് പുഞ്ചിരിച്ച ശേഷം നാണവും സന്തോഷവും കലർന്ന ചിരിയോടെ വീട്ടിലേക്ക് ഓടി.. അമ്മയും ജീനയും അത് കണ്ട് ചിരിച്ചു.. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു..