ഓ അപ്പനെ നോക്കാനാ എന്ന് പറഞ്ഞു വന്നിട്ട് ഇവിടെ കറങ്ങി നടക്കുവല്ലേ അത്യാവശ്യ സമയത്തു വിളിച്ചാൽ ഫോൺ ഓഫ് പിന്നെ ഞാൻ ഒരു ടാക്സി വിളിച്ചു പോരേണ്ടി വന്നു.. – ഓ തള്ള മോളോട് പരാതി പറയുകയാണ് ഇനി ദീപയുടെ വിസ്താരം ഇപ്പൊ തുടങ്ങും സിജിയെ വണ്ടിയിൽ കണ്ട കാര്യം എഴുന്നള്ളിക്കുന്നതിനു മുൻപ് സംസാരം എങ്ങനെ എങ്കിലും അവസാനിപ്പിക്കണം അഭിലാഷ് പെട്ടന്ന് കട്ടിലിൽ നിന്നും എഴുനേറ്റു
അപ്പച്ചന് ഉറങ്ങി മോളെ മരുന്നിന്റെ ക്ഷീണം ഉണ്ടല്ലോ- ദേണ്ടെ ഞാനിവന് ഫോൺ കൊടുക്കാം – ഏതായാലും സിജിയെ കാറിൽ കണ്ട കാര്യം പറയാതെ മേരി അവന്റെ നേരെ ഫോൺ നീട്ടി.. വിസ്താരം തുടങ്ങിയാൽ ദീപ മേരിയുടെ അപ്പുറം ആണെന്ന് അറിയാവുന്ന അഭിലാഷ് ഫോൺ വാങ്ങി മുറിക്കു പുറത്തേക്കു നടന്നു. വിളിച്ചിട്ടു ഫോൺ എടുക്കാത്തതിന്റെയും അപ്പച്ചൻ ഡിസ്ചാർജ് ആയി ടാക്സിയിൽ വരേണ്ടി വന്നതിന്റെയും എല്ലാം കറങ്ങി നടന്നതിന്റെയും എല്ലാം ഡോസ് ദീപ അവനു കൊടുത്തു. സമ്പത്തിനു വേണ്ടി കെട്ടിയാടുന്ന വേഷം ആണല്ലോ എന്നോർത്ത് അഭിലാഷ് എല്ലാം കേട്ട് സമചിത്തത കൈവിടാതെ നിന്നു.. ദീപ എത്ര പ്രകോപനപരമായി സംസാരിച്ചാലും അവൻ പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചതാണ് സംസാരം തുടങ്ങിയത് തന്നെ രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ തന്റെ സംസാര രീതിയിൽ ഉണ്ടാകുന്ന മാറ്റവും തെറിവിളിയും കേട്ടാൽ അവൾക്കു മദ്യപിച്ച കാര്യം അവൾക്കു പെട്ടന്ന് പിടികിട്ടും എന്ന് അവനു നല്ല ബോധ്യം ഉണ്ടായിരുന്നു.. പറയുന്നതെല്ലാം കേൾക്കുന്നതല്ലാതെ തിരിച്ചു പ്രതികരണം ഒന്നും ഇല്ല എന്ന് കണ്ടപ്പോ ദേഷ്യത്തോടെ ദീപ ഫോൺ കട്ട് ചെയ്തു
ആവശ്യത്തിനുള്ളത് കിട്ടിയോ അവളുടെ വായിൽ നിന്നും അപ്പനെ നോക്കാൻ വന്നിട്ട് കണ്ട അവളുമാരെ വീട്ടിൽ കൊണ്ട് പോയി വിടാൻ നടക്കുവാരുന്നു എന്ന് കൂടി പറയണം എന്ന് കരുതിയതാ ഞാൻ ..പിന്നെ ആ കൊച്ചിന് ഇന്ന് പ്രോഗ്രാം ഉള്ളതല്ലേ കൂടുതൽ മൂഡ് കളയേണ്ട എന്ന് കരുതിയാ ഞാൻ വേണ്ടാന്നു വച്ചതു — പുച്ഛഭാവത്തിൽ അതും പറഞ്ഞു തിരിഞ്ഞപ്പോഴാണ് അവൻ പോക്കെറ്റിൽ നിന്നും മേശപ്പുറത്തു എടുത്തു വച്ചിരുന്ന കടലാസുകൾ മേരി കണ്ടത് അവൾ അത് എടുത്തു നോക്കി. ലിജിയുടെ കൊച്ചിന് സ്വർണ്ണം വാങ്ങിയ ബില്ലും സിജിക്കു ഫീസ് അടച്ച നാല്പതിനായിരം രൂപയുടെ രസീതും..ഇത് കണ്ടതേ മേരിയുടെ സകല നിയന്ത്രണവും വിട്ടു
എന്താടാ ഇത് എന്റെ കൊച്ചു കഷ്ടപ്പെട്ട് സമ്പാദിക്കുന്നത് മുഴുവൻ നാട്ടിലെ പെണ്ണുങ്ങൾക്ക് നീ വാരിക്കോരി കൊടുക്കുവാണോ – പെട്ടന്ന് മേരിയുടെ ചോദ്യത്തിൽ സ്തബ്ധനായി പോയ അഭിലാഷ് മിണ്ടാതെ നിന്നു. അപ്പോഴാണ് മേശപ്പുറത്തു ഇരിക്കുന്ന പകുതി കാലിയായ വോഡ്ക കുപ്പി മേരിയുടെ ശ്രദ്ധയിൽ പെട്ടത്
അതോടെ അവരുടെ സകല നിയന്ത്രണവും പോയി
എന്താടാ ഇത്.. ഒറ്റ ഇരുപ്പിനു ഇതിന്റെ ബാക്കി മൊത്തം വലിച്ചു കയറ്റിയോ. എന്റെ കൊച്ചവിടെ കിടന്നു കഷ്ടപ്പെടുന്നു ഒരുത്തൻ അത് പെണ്ണുങ്ങളുടെ കൂടെ കറങ്ങിയും വെളളം അടിച്ചും കളയുന്നു. എന്റെ കൊച്ചിന്റെ മണ്ടത്തരം.. അന്നേ ഞാൻ പറഞ്ഞതാ നീ ശരിയല്ല എന്ന് അതെങ്ങനാ അത്രയ്ക്ക് അവൾക്കു അസ്ഥിക്ക് പിടിച്ചു പോയില്ലേ
അമ്മേ ഇത് ഞാൻ കുടിച്ചു തീർത്തതല്ല ആ ജോച്ചൻ കുടിച്ചു തീർത്തതാ – ഉള്ളിൽ ഉയർന്ന ദേഷ്യം കടിച്ചമർത്തി വിഷയം കൂടുതൽ വഷളാകാതെ ഇരിക്കാൻ അവൻ ശാന്ത സ്വരത്തിൽ പറഞ്ഞു. സമചിത്തതയോടെയുള്ള അവന്റെ പ്രതികരണം മേരിയെ കൂടുതൽ ദേഷ്യത്തിലാക്കി.