അവരവിടെ ഇരുന്നു സ്വസ്ഥമായി പൊറോട്ടയും ചിക്കനും കഴിക്കട്ടെ നമുക്ക് അവരുടെ കഥ പറയാം ..ആ പൊറോട്ട കയറ്റുന്നവൻ ആണ് അഭിലാഷ്(30 വയസ്സ്) . അതേ സുപ്രസിദ്ധ പ്രവാസി ഗായിക ദീപ അഭിലാഷിന്റെ അറിയില്ലേ അവളുടെ ഭർത്താവ്.. ആ പദവി കൂടാതെ മൈ പവർ ജിം എന്ന പേരിൽ അബുദാബിയിൽ ഒരു ജിം നടത്തുന്നു…ഒരു തവണ സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോ കൂടുതൽ സിനിമകളിൽ പാടാൻ അവസരം കാത്തു നിൽക്കാതെ പെട്ടന്ന് ഗൾഫ് മേഖലയിൽ മ്യൂസിക് ക്‌ളാസ്സുകൾ ആരംഭിച്ച മിടുക്കി ആണ് ദീപ.. ഹിറ്റായ ആ പാട്ടു കാരണം പ്രവാസികൾ ആയ പ്രാഞ്ചിയേട്ടന്മാരെല്ലാം തങ്ങളുടെ മക്കളെ ദീപയുടെ അക്കാദമിയിൽ ചേർത്തു ചുരുങ്ങിയ സമയം കൊണ്ട് യു എ ഈ മുഴുവൻ ബ്രാഞ്ചുകൾ ഉള്ള മ്യൂസിക് സ്കൂൾ അധിപ ആയി ദീപ . അന്ന് ദീപയോടൊപ്പം അവാർഡ് പങ്കിട്ട സീതാലക്ഷ്മി എന്ന ഗായിക വർഷത്തിൽ ഒന്നോ രണ്ടോ സിനിമാ പാട്ടുകൾ മാത്രം ലഭിച്ചു ഗാന മേളയും ആയി നടക്കുമ്പോഴാണ് ദീപ ഇത്രയും ഉയരങ്ങളിൽ എത്തിയത് എന്നതിൽ നിന്നും അവളുടെ ബിസിനസ് മൈൻഡ് മനസ്സിലാകുമല്ലോ.. അത് പിന്നെ മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ എന്ന് ചോദിച്ചത് പോലെ ആരുടേയാ മോൾ.. കാഞ്ഞിരപ്പള്ളി ടൗണിലെ ചിട്ടി മേരി ചേച്ചിയുടെ ഒറ്റ മോൾ അല്ലേ ദീപ.. ചിട്ടി പിടിച്ചിട്ടു മുങ്ങാൻ ശ്രമിക്കുന്ന അച്ചായന്മാരെ കുത്തിന് പിടിച്ചു പിരിവ് നടത്തുന്ന നല്ല ഒന്നാന്തരം അച്ചായത്തി..
പറഞ്ഞു പറഞ്ഞു നമ്മൾ ഇച്ചിരി കാട് കയറിയോ എന്ന് സംശയം..നമ്മളിപ്പോ ദീപയുടെയോ മേരിചേച്ചിയുടെയോ കഥ അല്ലല്ലോ പറഞ്ഞു വന്നത് അവരുടെയും നമുക്ക് പറയാം പക്ഷെ ഇപ്പൊ നമുക്ക് ആ അഭിലാഷിനെ അങ്ങ് ഫോക്കസ് ചെയ്യാം.. അവൻ പൊറോട്ട തിന്നു തീരുന്നതിനു മുൻപ് ഫ്ലാഷ് ബാക്ക് പറഞ്ഞു തീർക്കാം..
കാണാൻ അതി സുന്ദരിയൊന്നും അല്ലാത്ത ഒരു സാദാ പെൺകുട്ടിയായ ദീപയെ, അതും ഒരു കാലിനു ജന്മനാ അല്പം നീളകുറവ് കാരണം മുടന്തുള്ള ദീപയെ കോളേജിൽ പഠിച്ചിരുന്നപ്പോ തന്നെ വളച്ചെടുത്ത കില്ലാടിയാണ് അഭിലാഷ്.. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവർ ആയ പാപ്പച്ചൻ ചേട്ടന്റെ മകൻ അഭിലാഷിനു സ്വന്തമായി ഉണ്ടായിരുന്നത് ഉണ്ണി മുകുന്ദന്റെ ശരീര സൗന്ദര്യവും മുഖ കാന്തിയും പിന്നെ ആരെയും വശത്താക്കാൻ പറ്റിയ വാചാലതയും മാത്രമായിരുന്നു. നാട്ടിലെ ജന്മി കുടുംബമായ പുത്തൻവീട്ടിൽ ദീപയെ നിന്റെ സൗന്ദര്യമല്ല കല ആണ് എന്നെ ആകർഷിച്ചത് എന്ന ഒറ്റ വാക്കിൽ വീഴിച്ചതു അതിനു ഉദാഹരണം മാത്രമാണ്..
അഭിലാഷിന്റെ സുന്ദര വാക്കുകളിലും സൗന്ദര്യത്തിലും ദീപ മയങ്ങി എങ്കിലും മേരി അവന്റെ ഉദ്ദേശം ശരിക്കു മനസ്സിലാക്കി അവരുടെ ബന്ധത്തിന് എതിരായിരുന്നു. വലിയ കാര്യപ്രാപ്തിയില്ലാത്ത ദീപയുടെ അച്ഛന് ജോസഫ് ചേട്ടനെ ഭരിച്ചു കുടുംബ നാഥൻ റോൾ കൂടി സ്വയം കയ്യേറി നടക്കുന്ന മേരിക്ക് അഭിലാഷിനെ ഒട്ടും ഇഷ്ടം ആയിരുന്നില്ല പക്ഷേ ദീപയുടെ വാശിയുടെ മുൻപിൽ മേരിക്ക് ആദ്യമായി മുട്ട് മടക്കേണ്ടി വന്നു.
ഒറ്റ മകളുടെ വാശിക്ക് മുൻപിൽ കീഴടങ്ങി എങ്കിലും തന്റെ കുറച്ചു വ്യവസ്ഥകൾ മകളെ കൊണ്ട് അംഗീകരിപ്പിച്ചു വിവാഹം നടത്തിക്കിക്കുവാൻ മേരിക്ക് കഴിഞ്ഞു.. കാര്യം ഭർത്താവ് അഭിലാഷ് ആണെങ്കിലും മേരിയോട് ചോദിക്കാതെ ദീപ ഒന്നും ചെയ്തിരുന്നില്ല.. ചെറുപ്പം മുതൽ കണ്ടു വളർന്ന പെൺമേൽക്കോയ്മ ദീപയിലും സ്വാധീനം ചുലുത്തിയിരുന്നു.. അതുകൊണ്ട് തന്നെ വിവാഹം കഴിച്ചാൽ അവരുടെ സ്വത്തിന്റെ പൂർണ്ണ നിയന്ത്രണം തനിക്കായിരിക്കുമെന്നു സ്വപനം കണ്ട അഭിലാഷിന് കാര്യങ്ങളുടെ കിടപ്പു വശം വളരെ പെട്ടന്ന് പിടികിട്ടി.. കുറുക്കനായ അഭിലാഷ് കാത്തിരുന്ന് കളിയ്ക്കാൻ തന്നെ തീരുമാനിച്ചു.. സമയം ആകുമ്പോ ശക്തമായി തിരിച്ചടിക്കാനായി വിധേയനായ ഭർത്താവായും മരുമകനായും നന്നായി അഭിനയിച്ചു അഭിലാഷ് ജീവിക്കുന്നു.
അമ്മായിഅപ്പനായ ജോസപ്പ് ചേട്ടന് പെട്ടന്ന് നെഞ്ചു വേദനയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞു വന്നതാണ് അഭിലാഷ്.. സൂപ്പർ സ്റ്റാറിന്റെ പ്രോഗ്രാമിനു പങ്കെടുക്കേണ്ടത് ഉള്ളതുകൊണ്ട് ദീപക്ക് പെട്ടന്ന് വരാൻ സാധിക്കാതെ വന്നത് കൊണ്ടാണ് ആദ്യമായി അഭിലാഷിന് വിവാഹ ശേഷം തനിയെ ഒന്ന് സഞ്ചരിക്കാൻ അവസരം ലഭിച്ചത് അത് അവൻ എങ്ങനെ വിനിയോഗിക്കും എന്ന് നോക്കാം..