അനസിനെ വിളിച്ച് ഹോസ്പിറ്റലിലെ കാര്യങ്ങൾ അന്വേഷിച്ചു.
ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്നുപറഞ്ഞ അനസിനോട് അവിടെ ആരെയെങ്കിലും നിറുത്തിയിട്ട് മടങ്ങിവരാൻ പറഞ്ഞു. പന്ത്രണ്ടുമണി കഴിഞ്ഞപ്പോൾ രഞ്ജന്റെ വീടിന്റെ മുറ്റത്തേക്ക് ഒരു പോലീസ് ജീപ്പ് കടന്നുവന്നു. ജീപ്പിൽ നിന്നിറങ്ങിയ അനസ്
ഉമ്മറത്തെ വാതിൽ തുറന്ന് അകത്തേക്ക് കടന്നു. സോഫയിൽ ഇരിക്കുന്ന രഞ്ജനെകണ്ട അനസ് ചുറ്റിലുംനോക്കി.
“സർ, വേർ ഈസ് ലൂക്ക?”
സംശയത്തോടെ അനസ് ചോദിച്ചു.
രഞ്ജൻ അടഞ്ഞുകിടക്കുന്ന മുറിയിലേക്ക് വിരൽ ചൂണ്ടി.
അനസ് വേഗം രഞ്ജൻ വിരൽ ചൂണ്ടിയ മുറിയുടെ വാതിൽ തുറന്നു.
അരണ്ട വെളിച്ചത്തിൽ കസേരയിൽ ഇരിക്കുന്ന ലൂക്കയെകണ്ട അനസ് തിരിഞ്ഞ് രഞ്ജനെ നോക്കി.
“ഇങ്ങോട്ട് എടുത്തോ.”
രഞ്ജൻ ഹാളിൽനിന്നും വിളിച്ചുപറഞ്ഞു.
അനസ് കസേരയോടുകൂടെ ലൂക്കയെ വലിച്ചിഴച്ചു ഹാളിലേക്ക് കൊണ്ടുവന്നു.
“പറ മോനെ. നീനയെ കൊന്നത് നീയാണ് എന്ന് ഞങ്ങൾക്ക് അറിയാം. നിനക്കുവേണ്ടി ഹോസ്റ്റലിൽ അറയ്ഞ്ച്മെന്റ്‌സ് ചെയ്തുതന്നത് ആരാ?”
അടുത്തുള്ള കസേരയിലേക്ക് രഞ്ജൻ കാൽ കയറ്റിവച്ചുകൊണ്ട് ചോദിച്ചു.
“എനിക്ക് അറിയില്ല..!”
ലൂക്ക തറപ്പിച്ചു പറഞ്ഞു.
ഇരുന്നിടത്തുനിന്ന് രഞ്ജൻ എഴുന്നേറ്റ് അയാളുടെ മുഖംനോക്കി ആഞ്ഞടിച്ചു.
“സർ.”
ഉടനെ അനസ് വിളിച്ചു.
“എന്താടോ?”
“സർ, ബുദ്ധിമുട്ടേണ്ട, ഞാൻ ചോദിച്ചോളാ.”
ഉള്ളം കൈകൾ കൂട്ടിയുരുമ്മി അനസ് മുന്നിലേക്ക് നിന്നുകൊണ്ട് പറഞ്ഞു.
ശേഷം ലൂക്കയ്ക്ക് സമാന്തരമായി അയാൾ നിന്നു.