ലൂക്ക ആർത്തു ചിരിച്ചു.
“എന്റെ പിള്ളേർ അവളെയങ്ങു കടത്തി. ഇനി പിള്ളേരാണ് അവർക്ക് എന്തെങ്കിലും തോന്നി വല്ലതും ചെയ്‌തോ ആവോ?
പുച്ഛത്തോടെ ലൂക്ക പറഞ്ഞു.
“നോ…”
രഞ്ജൻ അടുത്തുള്ള കസേരയിലേക്ക് ശിരസ് താഴ്ത്തിയിരുന്നു.
“ഹഹഹ… ഞാൻ അപ്പഴേ പറഞ്ഞതല്ലേ, മിസ്റ്റർ ഓഫീസർ. ഇതെന്റെ സാമ്രാജ്യമാണ്.”
ലൂക്ക വീണ്ടും ആർത്തുചിരിച്ചു.
നിമിഷനേരം കൊണ്ട് ഇരുന്നിടത്തുനിന്ന് രഞ്ജൻ ചാടിയെഴുന്നേറ്റ് ലൂക്കയുടെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി.
കസേരയടക്കം അയാൾ പഴയ പാത്രങ്ങളും ചാക്കുകെട്ടുകളും അടങ്ങിയ മൂലയിലേക്ക് ചെന്നുവീണു.
“പ്ഫ, നായിന്റെ മോനെ, ഞാൻ വെറും ഉണ്ണാക്കാനാണെന്നു കരുതിയോ നീ?
വിളിക്കാടാ നിന്റെ പിള്ളേരെ?”
രഞ്ജന്റെ ശബ്ദം ആ ഒറ്റമുറിയിൽ പ്രകമ്പനംകൊണ്ടു.
പാന്റ് അല്പം മുകളിലേക്കുവലിച്ച് രഞ്ജൻ നിലത്തുവീണുകിടക്കുന്ന ലൂക്കയുടെ അരികിൽ ചെന്നിരുന്നു.
ശേഷം ഫോണെടുത്ത് രഞ്ജൻ മണ്ണാർക്കാട് സ്റ്റേഷനിലെ എസ്ഐ ഇബ്‌റാഹീമിനെ വീഡിയോകോൾ വിളിച്ചു.
“ഇബ്രാഹീം, എവിടെടോ മൂക്കൊലിപ്പ് മാറാത്ത പിള്ളേർ?”
“സർ, ഇവിടെയുണ്ട്.”
മറുവശത്തുനിന്ന് കേട്ട ശബ്ദം രഞ്ജൻ ലൂക്കയെ കേൾപ്പിച്ചുകൊടുത്തു. ശേഷം ഫോൺ അയാളുടെ മുഖത്തിന് സമാന്തരമായി പിടിച്ചു.
“നോക്കടാ, ദേ നിന്റെ പിള്ളേർ. “
ലൂക്ക നോക്കിയപ്പോൾ അയാൾ അയച്ച ആറുപേർ അർദ്ധനഗ്നരായി നിൽക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
പല്ലുഞ്ഞെരിച്ചുകൊണ്ട് അയാൾ അമറി.
നിലത്തുവീണുകിടക്കുന്ന ലൂക്കയെ കസേരയോടുകൂടെ രഞ്ജൻ എടുത്തുയർത്തി മുറി പുറത്തുനിന്നും പൂട്ടി ഹാളിലെ സോഫയിലേക്ക് ഇരുന്നു.