ജീവന് തുല്യം സ്നേഹിച്ച അമ്മയെ വേദനിപ്പിച്ചു കൊണ്ട് തറവാട്ടിലെ അവസാന വാക്കായ അമ്മാവനെ വെല്ലുവിളിച്ചപ്പോളും, ഉള്ളിന്റെ ഉള്ളിൽ ചെയ്യുന്ന ശരിയുടെ കരുത്തുണ്ടായിരുന്നു. ഇന്ന് മനം നിറയെ കുറ്റബോധമാണ്… അബലയായ ഒരു പെൺകൊടിയുടെ ചാരിത്ര്യം കവർന്ന നീച പാപിയാണവൻ.
കൂടാരത്തിൽ നിന്നും വലിച്ചെടുത്ത കരിമ്പടത്തിനും അകറ്റാൻ കഴിയാത്ത കൊടിയ തണുപ്പിൽ അവന്റെ പല്ലുകൾ കൂട്ടിയിടിച്ചു. തുള്ളൽ പനി ബാധിച്ച പോലെ മാടമ്പി തറവാട്ടിലെ ശ്രീഹരി ആ കാട്ടിൽ ആരോരുമില്ലാതെ കിടന്നു വിറച്ചു…
സവർണ്ണ മേധാവിത്വത്തിനെതിരെ വാളെടുത്തവൻ ഒരു സവർണ്ണനായിരിക്കുക..! രാജാധികാരം പോയി എങ്കിലും, ജനാധിപത്യത്തിലും തങ്ങളുടെ മേധാവിത്തം ബലം പ്രയോഗിച്ചു നേടിയെടുക്കാൻ ശ്രമിക്കുന്ന മേലാളന് ഇതിൽ പരം ഒരു അടികിട്ടാനുണ്ടോ..?
അതുകൊണ്ടു തീരുമാനങ്ങൾ വേഗത്തിൽ ആയിരുന്നു, തലയെടുക്കുക ആ കുലദ്രോഹിയുടെ..!
എത്ര താന്തോന്നിയായിരുന്നാലും സ്വന്തം ഉടപ്പിറന്നവളുടെ ചോര… തന്റെ രക്തത്തോടുള്ള സ്നേഹം… അമ്മാവനാണ് അമ്മ വഴി മുന്നറിയിപ്പ് എത്തിച്ചത്.
പുതിയ ചിന്താഗതികൾ സിരകളിൽ പുതുരക്ത പ്രവാഹമാകുമ്പോൾ ധൈര്യം കൂടും… അങ്ങനെ ഒരു കൂട്ടമായിരുന്നു ശ്രീഹരിയുടെ… ആരും പിന്നോട്ട് മാറിയില്ല. യുദ്ധം തന്നെ നടന്നു… എട്ടോ ഒമ്പതോ ജീവൻ പോയി എന്നാണറിവ്.
തീപ്പെട്ടു പോയവരിൽ രണ്ടോ മൂന്നോ ഭരണകക്ഷിയിലെ പ്രമുഖർ കൂടെയുണ്ടത്രേ..! നാടു നീളെ പോലീസിന്റെ ഇളക്കി മറിച്ചുള്ള അന്വേഷണം, പിന്നെ പ്രസ്ഥാനമാണ്… അതിലെ വിശ്വസ്ത അണികളാണ്… അവനെ രാത്രിക്കു രാത്രി ഈ കാട്ടിൽ എത്തിച്ചത്.
നാളെയെന്തു എന്നറിയില്ല, എങ്കിലും ഈ കാട്ടിലെ ജീവിതം അവനു സുഖകരമായിരുന്നു. മനസ്സിൽ തെല്ലും ഭയമോ കുറ്റബോധമോ ഉണ്ടായിരുന്നില്ല… എന്നാൽ ഇപ്പോൾ, ആ പെണ്ണിന്റെ വാക്കുകൾ ഉമി പോലെ നെഞ്ചിൽ കിടന്നു നീറുന്നു. ഇത് തന്റെ അവസാനമാകും മാടമ്പി തറവാട്ടിലെ ശ്രീഹരിയുടെ…
പുലരിയുടെ ആകാശത്തു പ്രഭാത കിരണങ്ങൾ കണ്ടു തുടങ്ങി നേരം പുലർന്നുവോ..? അൽപ്പം വെള്ളം കിട്ടിയിരുന്നെങ്കിൽ അവൻ നീര് വന്നു വീർത്ത തന്റെ കാലും വലിച്ചു പുഴക്കരയിലേക്കു ഇഴഞ്ഞു…