“ഈ മരുന്ന് കൂട്ട് പുരട്ടിക്കോളൂ… ചതവിലൊക്കെ നീര് പെട്ടന്ന് വലിയും, പിന്നെ കുറച്ചു കാപ്പിപ്പൊടി തൂവിക്കൊ മുറിവിന്റെ മേലെ… പെട്ടന്ന് കരിയും…”
“…മനസ്സിലെ നോവിനുള്ള മരുന്നില്ല… എന്നാലും നമ്മ അടിയാന്മാരല്ലേ..? അത് കൊണ്ട് ആ നോവും പെട്ടന്ന് മാറിക്കോളും… നീ ചായ്‌പിൽ കിടന്നോളൂ പുറത്തായീന്നു ഞാൻ പറഞ്ഞോളം…”
തേതി അത്ഭുതത്തോടെ ചിരുതയെ നോക്കി. എങ്ങനെ അറിഞ്ഞു ചിരുത ഇത്..? എന്നതിനേക്കാൾ കൂടുതൽ അവളെ അമ്പരപ്പെടുത്തിയത് ആ ചോദ്യം ചോദിക്കാഞ്ഞതായിരുന്നു… ആര്..? എന്ന “ആ” ചോദ്യം… അവൾ അങ്ങോട്ട് ഒന്നും പറഞ്ഞുമില്ല
മുറിവിനുള്ള മരുന്നും മേടിച്ചു ചായ്പ്പിലേക്കു ഏന്തി നടന്നു പോകുന്ന തേതിയേ നോക്കി നിന്ന ചിരുതയുടെ കണ്ണിൽ നിന്നും ആരും കാണാനില്ലാത്ത ആ ഇരുട്ടിൽ രണ്ടു തുള്ളി കണ്ണീർ അടർന്നു ഭൂമിയിലേക്ക് വീണു.
“പാവം ൻറെ കുട്ടി ഒരുപാടു വേദനിപ്പിച്ചു കാണും… അവളെ ആ കശ്മലൻ… മുത്തിയമ്മേ കാത്തോണേ…”
കട്ടപിടിച്ചു തുടങ്ങിയ ആ ഇരുട്ടിൽ ചിരുതയുടെ വേദനയും പ്രാർത്ഥനയും ആരും കേട്ടില്ല… കാട്ടുമുത്തി പോലും…
കോരന്റെ കുടിയിലെ വെളിച്ചം അണയുന്നതു കുറ്റബോധത്താൽ നീറുന്ന രണ്ടു കണ്ണുകൾ അക്കരെ കാട്ടിൽ നിന്നും ഇമചിമ്മാതെ നോക്കിയിരുന്നു…
ശ്രീഹരി… കഞ്ചാവിന്റെ ലഹരി സിരകളിൽ നിന്നും ഇറങ്ങിയ നിമിഷം ആണ് അവൻ തിരിച്ചറിഞ്ഞത് താൻ ചെയ്ത കൊടും ക്രൂരതയുടെ ആഴം…
തന്റെ മുന്നിൽ ഒരു വെളിച്ചമായി പ്രത്യക്ഷയായ വനദേവതയെ ആണ് താൻ ഒരു മൃഗത്തെ പോലെ വേട്ടയാടി പിടിച്ചു പിച്ചി ചീന്തിയത്. അവൾ ദേവത തന്നെ… ശ്രീഹരിക്കു സംശയമേ ഇല്ലായിരുന്നു.
അല്ലെങ്കിൽ ബലാൽക്കാരമായി മാനം പിടിച്ചു വാങ്ങി ഒരു മൃഗത്തെ പോലെ ഉപദ്രവിച്ച ആളുടെ ജീവൻ വേറെയാരു രക്ഷിക്കാൻ..?
പ്രാണൻ ഹൃദയവുമായി പുറത്തേക്കു ചാടാൻ വെമ്പിയ പുഴക്കടിയിലെ ശ്വാസം മുട്ടുന്ന പ്രാണഭീതിയിൽ നിന്നും ഒരു കൈ താങ്ങായി തന്നെ ജീവിതത്തിലേക്കു ഉയർത്തിയെടുത്ത… ആ കൈകളുടെ ഉടമയെ… അവളുടെ ആ ദൈവ തുല്യമായ പ്രവർത്തിയെ… അവൻ നന്ദിയോടെ സ്മരിച്ചു.