ചോര കട്ടപിടിച്ചു വീർത്തുന്തി നിൽക്കുന്ന ചുണ്ടുകൾ, തടിച്ച വിരൽ പാടുകൾ തിണിർത്തു നിൽക്കുന്ന കവിൾത്തടങ്ങൾ, വെളിച്ചം കെട്ടു ശോകം കണ്ണീരായി ഒഴുകിയിറങ്ങിയ മിഴികൾ… അധികാരി കാര്യം സാധിച്ചു കഴിഞ്ഞിരിക്കുന്നു…
താനും കോരനെയും മുകപ്പിൽ യശോദ തമ്പുരാട്ടിയുടെ അടുത്ത് ഉഴിച്ചിലിനു പോയ തക്കം നോക്കി ആ കാലമാടൻ പണിപറ്റിച്ചു കളഞ്ഞല്ലോ… ൻറെ കാട്ടുമുത്തീ… ചിരുതയുടെ മനസ്സ് പിടഞ്ഞു.
കാര്യം രണ്ടാനമ്മയായിരുന്നെങ്കിലും സ്വന്തം ചേച്ചിയുടെ തന്നെ മക്കൾ അല്ലെ അതാവും തേതിയേയും തേവനെയും ചിരുതക്കു വേറിട്ട് കാണായിരുന്നില്ല…
തേതിയുടെ നാൾക്കു നാൾ തീ പോലെ വളരുന്ന സൗന്ദര്യം കാണുമ്പോൾ ഇന്നല്ലെങ്കിൽ നാളെ ചിരുത പേടിച്ചത് തന്നെയായിരുന്നു ഈ ദുര്യോഗം…
മാമൂലുകളുടെ കെട്ടുകളിൽ ബന്ധിതയായ ഒരു സാധു ആയിരുന്നു ചിരുത, ഇനിയിപ്പോൾ കോരനോട് ചെന്ന് പറഞ്ഞു ഒരു പ്രശ്നമാക്കാൻ അവൾ ആഗ്രഹിച്ചില്ല. നിശബ്ദമായി തേങ്ങുന്ന തന്റെ കുട്ടിയെ മുടിയിൽ തലോടി നിശബ്ദമായി തന്നെ ആ അമ്മ ആശ്വസിപ്പിച്ചു.
കാലത്തെഴുനേൽക്കുക, വല്ലോം കഴിക്കുക, പിന്നെ സൂര്യനസ്തമിക്കുന്ന വരെ ഉടയോന് വേണ്ടി രക്തം വെള്ളം ആക്കുക, പിന്നെ വന്നു സ്വയമായി വാറ്റിയെടുത്ത ചാരായം മൂക്കു മുട്ടെ തട്ടി പറ്റുമെങ്കിൽ ചിരുതയെ ഒന്ന് പണിഞ്ഞു കിടന്നുറങ്ങുക… ഇതായിരുന്നു കോരന്റെ ജീവിതചര്യ.
അതിനന്നും മാറ്റം വന്നില്ല, അതിനിടയിൽ എന്ത് മകൻ..? എന്ത് മകൾ..? പക്ഷെ ചിരുത ഒരു സ്ത്രീയല്ലേ..? അമ്മയായില്ലെങ്കിലും അവളിലെ മാതൃത്വം എന്നും തേവനും തേതിക്കും വേണ്ടി തുടിച്ചിരുന്നു. അതുകൊണ്ടു അവൾ ആ ഇരുട്ടിലും തൊടിയിലേക്കിറങ്ങി…
ആവരയുടെ ഇലയും, വേര് സഹിതം പറിച്ചെടുത്ത തോട്ടവാടിയും, കല്ലുപ്പും… നന്നായി അരച്ചു അരികടിയില്‍ കലക്കി തിളപ്പിച്ചു കുറുക്കിയെടുത്തതുമായി, അവൾ വീണ്ടും തേതിയുടെ അടുത്തെത്തി. പിന്നെ അവളെ പിടിച്ചെണീപ്പിച്ചു പറഞ്ഞു…