“…ആദീ നിനക്ക് പറയാനുള്ളതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങള്‍ തന്നെയാണല്ലോ… നമുക്കത് പിന്നീട് സംസാരിക്കാം… ഈ കല്യാണം കഴിയട്ടെ… എനിക്ക് ഒരുപാട് ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ട്… അതുവരെ ഇതും പറഞ്ഞ് എന്നെ ശല്യം ചെയ്യരുത്…”
“…ദേവേട്ടാ… ഞാന്‍ ഗസ്റ്റ്ഹൌസില്‍ ഉണ്ട്…. ഒരുപാട് നേരമായി ഞാന്‍ ദേവേട്ടനെ കാത്തിരിക്കുന്നു… പ്ലീസ് ഒന്ന് വന്നൂടെ…??”
“…ഗസ്റ്റ്ഹൌസിലോ… അതെന്തിനാ…?? നീ മാണിക്യന്റെ വീട്ടില്‍ കാണാമെന്നല്ലേ പറഞ്ഞത്…??”
“… എനിക്ക് ദേവേട്ടനോട് തനിച്ച് സംസാരിക്കണം… വരുവോ…??”
അല്‍പ്പനേരത്തെ മൌനം.
“….ഉം… ഞാന്‍ വരാം…”
പറയിക്കുന്നില്‍ നിന്നും വീട്ടിലേയ്ക്ക് പോകുന്ന വഴിക്കാണ് ഗസ്റ്റ്ഹൌസ്… ഗസ്റ്റുകളൊന്നും ഇല്ലാത്തതിനാല്‍ ഇന്നവിടെ നൈറ്റ് വാച്ച്മാന്‍പോലും കാണില്ല… റോഡില്‍ നിന്നും ഇരുന്നൂറുമീറ്റര്‍ അകത്തേയ്ക്ക് കയറിയുള്ള ആ ബംഗ്ലാവിനുചുറ്റും രണ്ടാള്‍പൊക്കത്തില്‍ ചുറ്റുമതിലുണ്ട്… അതിനു ചുറ്റുമുള്ള പുരയിടങ്ങളൊക്കെ ഞങ്ങളുടെ തന്നെയാണ്… അതുകൊണ്ട് അടുത്തെങ്ങും വേറെ വീടുകളൊന്നുമില്ല.
ഇരുട്ടിന്റെ കരിമ്പടം പുതച്ചുറങ്ങുന്ന ഗ്രാമത്തില്‍ ചലിക്കുന്ന ഏക വെളിച്ചം ഒരുപക്ഷെ കുന്നിറങ്ങി ഗസ്റ്റ്ഹൌസിലേയ്ക്ക് പോകുന്ന എന്റെ കാര്‍ മാത്രമായിരിക്കും.. പക്ഷേ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന എന്റെ മനസ്സില്‍ ഇനിയും വെളിച്ചമെത്തിയിട്ടില്ല… കാര്‍ സ്റ്റീരിയോയുടെ ചെവി തിരുമ്മി… പാവം സ്റ്റീരിയോ.. ആല്ക്കാ യാഗ്നിക്കിന്റെ സ്വരമാധുര്യത്തോടെ കരയാന്‍ തുടങ്ങി…
ആദിയോട് ഇപ്പോള്‍ എനിക്ക് ദേഷ്യം ഒന്നുമില്ല… രാവിലെ പെട്ടന്ന്‍ അവളെ കണ്ട ഷോക്കില്‍ എന്തൊക്കെയോ പറഞ്ഞു പോയതാണ്.. അവളിപ്പോള്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ എനിക്ക് നന്നായി അറിയാം… പക്ഷെ അവളതുതന്നെ പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരും ചിലപ്പോള്‍ അവളെ ഞാന്‍ തല്ലിപ്പോകും…
ബംഗ്ലാവില്‍ എത്തുമ്പോഴേക്കും അവളെന്തു പറഞ്ഞാലും ദേഷ്യപ്പെടാതെ സമാധാനത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാം എന്ന തീരുമാനത്തില്‍ ഞാനെത്തിയിരുന്നു… ആല്ക്കയുടെ മാജിക്..
ഞാന്‍ ചെല്ലുമ്പോള്‍ ആദി സിറ്റ്ഔട്ടില്‍ത്തന്നെ ഉണ്ടായിരുന്നു… ഓഫ് വൈറ്റ് കളര്‍ ഷോര്‍ട്ട്സ്ലീവ് കുര്‍ത്തിയും ബ്രൌണ്‍ പലാസോയുമാണ് അവള്‍ ധരിച്ചിരിക്കുന്നത്..