10.45 ആയപ്പോഴേക്കും നേരത്തെ പാർക്ക് ചെയ്ത സ്‌കോർപിയോയുടെ എതിർ ദിശയിൽ ഒരു ബൊലീറോ വന്നുനിന്നപ്പോൾ അർജ്ജുവും ആര്യയും മുഖത്തോട് മുഖംനോക്കി.
10; 50 ആയപ്പോൾ ഒരു ടെമ്പോ ട്രാവലർ കുറച്ചുമാറി വന്നുനിന്നു. അതിലൊരാൾ വന്നിറങ്ങി സ്കോര്പിയോയിലെ
ആളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
നിമിഷങ്ങൾക്കകം കാക്കനാട് ഭാഗത്തുനിന്ന് ഒരു ബിഎംഡബ്ല്യു എക്‌സ്ഫൈവ് കാർ. ഹെഡ്ലൈറ്റ് ഡിം ചെയ്യാതെ സഡൻ ബ്രെക്കിട്ട് വന്നുനിന്നു.
റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ അർജ്ജുൻ അയാളെ തിരിച്ചറിഞ്ഞു.
“ലൂക്ക..”
അർജ്ജുവിന്റെ ചുണ്ടുകൾ ചലിച്ചു.
“അതാരാ?” ആകാംഷയോടെ ആര്യ ചോദിച്ചു.
“ഹോമെക്സ് ബിൽഡേഴ്സിന്റെ..
ഇയ്യാളാ എന്നെ പിടിച്ചുകൊണ്ടുപോയത്.
എന്തായിരിക്കും ആ ട്രാവല്ലറിനുള്ളിൽ?”
“അറിയില്ല,അവർ മൂവ് ചെയ്യട്ടെ നമുക്ക് ഫോളോ ചെയ്യാം.”
ആര്യ പറഞ്ഞു.
10 ; 55 ആയപ്പോഴേക്കും ടെമ്പോ ട്രാവല്ലറിൽ വന്നയാൾ അതിന്റെ ചാവി ലൂക്കയ്ക്ക് കൈമാറ്റം ചെയ്തതും ആരോ തങ്ങളുടെ കാറിന്റെ ഗ്ലാസ്സിൽ മുട്ടിയതും ഒരുമിച്ചായിരുന്നു.
പുറത്തേക്കിറങ്ങാൻ ആംഗ്യം കാണിച്ചുകൊണ്ട് അയാൾ ആരൊക്കെയോ കൈനീട്ടി വിളിച്ചു.
“അർജ്ജു..”
ഭയത്തോടെ ആര്യവിളിച്ചു.
ഉടനെ അർജ്ജുൻ താനിട്ടിരിക്കുന്ന ബനിയൻ ഊരിമാറ്റി.