സ്റ്റുഡിയോയിൽ എഡിറ്റിംഗ് ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്ന അർജ്ജുവിനെ ആര്യ രഹസ്യമായി വിളിച്ച് അപ്പുറത്തേക്ക് കൊണ്ടുപോയി.
“എടാ ഒരു ന്യൂസുണ്ട്. ഇന്ന് രാത്രി 10.55ന് അലിഞ്ചുവട് വച്ച് ഒരു ടെമ്പോ ട്രാവല്ലർ കൈമാറ്റം ചെയ്യുന്നുണ്ട്. ഒന്നെങ്കിൽ പണം, അല്ലങ്കിൽ മറ്റെന്തോ..”
“അതിന്, ”
അർജ്ജുൻ ചോദിച്ചു.
“നമ്മൾ പോകുന്നു അതെന്താണെന്ന് അറിയാൻ. സക്‌സസ് ആയാൽ മോനെ പിന്നെ പ്രമോഷനാണ്. മാനേജർ പറഞ്ഞത് നീയും കേട്ടില്ലേ, എക്‌സ്ക്ലുസീവ് ന്യൂസ് ആരാണോ കവർ ചെയ്യുന്നത് അയാളെ പ്രോഗ്രാം ഡയറക്ടറായി തിരഞ്ഞെടുക്കുമെന്ന്.”
“മ്, ശരി. രാത്രിയല്ലേ ? ഞാൻ വൈഗയോട് പറഞ്ഞിട്ട് വരാം.”
അത്രെയും പറഞ്ഞ് അർജ്ജുൻ ഓഫീസിൽനിന്നും ഇറങ്ങി നേരെ വീട്ടിലേക്കുപോയി.
അല്പസമയം അർജ്ജുൻ വൈഗയോടൊപ്പം ചിലവഴിച്ച് നേരത്തെ നിശ്ചയിച്ച പ്രകാരം ആലിഞ്ചുവട്ടിലേക്ക് പോകാൻ തയ്യാറായി നിന്നു.
ഒമ്പതുമണിയായപ്പോൾ ആര്യ ഫോണിൽവിളിച്ച് സ്റ്റുഡിയോയിലേക്ക് വരാൻ പറഞ്ഞു. അർജ്ജുൻ സ്റ്റുഡിയോയിലെത്തുമ്പോൾ
എല്ലാം തയ്യാറാക്കി ആര്യ റീസെപ്ഷനിൽ തന്നെയുണ്ടായിരുന്നു.
ക്യാമറയും മറ്റുമെടുത്ത് ചാനലിന്റെ വണ്ടിയിലേക്ക് വച്ചു.
“പോവാം.”
ആര്യ മുന്നിലെ ഡോർ തുറന്ന് കയറിയിരുന്നു.
അർജ്ജുൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി സീറ്റ്ബെൽറ്റ് ഇട്ട് ആര്യയെ ഒന്നുനോക്കി.
“നീയെന്താടാ ഇങ്ങനെ നോക്കുന്നെ?”
അവന്റെ മുഖത്തേക്ക് തീക്ഷ്ണമായി നോക്കികൊണ്ട് ആര്യ ചോദിച്ചു.
“ന്യൂസ് എങ്ങാനും ഫെയ്ക്ക് ആണെന്ന് പറഞ്ഞാൽ പുന്നാരമോളേ ആര്യേ, നീ കണ്ടംവഴി ഓടേണ്ടിവരും.
അർജ്ജുൻ കാർ സ്റ്റാർട്ട് ചെയ്തു.
ആലിഞ്ചുവടിൽ നിന്ന് അമ്പതുമീറ്റർ മാറി അർജ്ജുൻ കാർ പാർക്കുചെയ്ത് എൻജിൻ ഓഫ്‌ചെയ്തു. ശേഷം
ഗ്ലാസ് കയറ്റി അവർ ചുറ്റിലും വീക്ഷിച്ചു.
കുറച്ചുമാറി ഒരു സ്‌കോർപിയോ പാർക്കിങ്ലൈറ്റ് ഇറ്റ് നിൽക്കുന്നതല്ലാതെ അസ്വാഭാവികമായി ഒന്നുംതന്നെ കാണാൻകഴിഞ്ഞില്ല.