രഞ്ജൻ വീണ്ടും ചോദിച്ചു.
“ഇല്ല സർ.”
ജിനു നിന്നുപരുങ്ങി.
“ജിനുവിന് സുധിയെ എങ്ങനെയാണ് പരിചയം”
അനസ് ചോദിച്ചു.
“ഏത് സുധി.?”
അറിയാത്തപോലെ ജിനു മറുചോദ്യം ചോദിച്ചു.
ശ്രീജിത്ത്,”
രഞ്ജൻ അല്പം ഉച്ചത്തിൽ വിളിച്ചു.
“സർ”
രഞ്ജന്റെ വലതുവശത്തിരുന്നുകൊണ്ട് ശ്രീജിത്ത് വിളികേട്ടു.
“പ്ലേ ദ വോയിസ് ക്ലിപ്പ്.”
“സർ,”
ശ്രീജിത്ത് തന്റെ ഫോണെടുത്ത് അതുല്യ ജിനുവിന് വിളിച്ചുസംസാരിച്ച ശബ്ദരേഖ മൊബൈലിൽ നിന്നും കേൾപ്പിച്ചു.
“ജിനു, ഇന്ന് മൂന്നുപോലീസുകാർ വന്നിരുന്നു. നീനയുടെ മരണവുമായി എന്തെങ്കിലും അറിയാമോയെന്ന് ചോദിച്ചു.
ആത്മഹത്യക്ക് സാധ്യതകുറവാണ് എന്നാ അവർ പറയുന്നേ. സുധി. ഇനി അവൻ ആണോ? മറ്റേ കാര്യം ഞാൻ പറഞ്ഞില്ല. അഥവാ പറഞ്ഞാൽ ഉറപ്പായും വീട്ടിൽ അറിയും, അപ്പൊ ആകെ പ്രശ്നമാവും. ജിനു, നിന്റെ അടുത്ത് വൈകാതെ അവരെത്തും നീയും ആ കാര്യം പറയരുത്.”
ശബ്ദരേഖ നിറുത്തി. രഞ്ജൻ ജിനുവിനെ നോക്കി.
“ഇപ്പൊ എന്തുപറയുന്നു ജിനു.?”
“സർ, അത്…”
“സീ,ജിനു. നമ്മൾ ഒരുകള്ളം പറഞ്ഞാൽ അതിനെ മറച്ചുവെക്കാൻ നൂറുകള്ളങ്ങൾ പിന്നെയും പിന്നെയും പറയും. അവസാനം പല ബന്ധങ്ങളും കൈവിട്ടുപോകുമ്പോഴായിരിക്കും ചിന്തിക്കുക ഒന്നും വേണ്ടായിരുന്നു എന്ന്.”
“സോറി, സർ.” ശിരസ് താഴ്ത്തിക്കൊണ്ട് അവൾ പറഞ്ഞു.
“ഇറ്റ്സ് ഓക്കെ. എന്താണ് ആ കാര്യം.”
രഞ്ജൻ ചോദിച്ചു.