The Shadows 6 [വിനു വിനീഷ്]

Posted by

അക്സയുടെ മറുപടികേട്ട രഞ്ജനും ശ്രീജിത്തും മുഖത്തോട് മുഖം നോക്കി.
ഉടനെ ശ്രീജിത്ത് നീനയുടെ ചെരുപ്പിന്റെ രഹസ്യഅറയിൽനിന്നും കിട്ടിയ താക്കോൽ അക്സയെ കാണിച്ചു.

“ഇത് നീനയുടെയാണ്. ഈ കീ എന്തിന്റെയാണ്?”

“സർ, അവളുടെ കൈയ്യിൽ ചെറിയ ഒരു ബോക്സ് ഉണ്ടായിരുന്നു. ഞാൻ കണ്ടിട്ടുണ്ട് അവൾ അത് തുറന്ന് നോക്കുന്നത്.”

“നിങ്ങൾ ചോദിച്ചില്ലേ എന്താണ് അതെന്ന്?”
രഞ്ജൻ സംശയത്തോടെ ചോദിച്ചു.

“ഉവ്വ് സർ, അന്നേരം അവളെന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞുമാറി.”

“ഈ സുധീഷ് കൃഷണ എന്നുപറയുന്നയാളെ നിങ്ങൾ കണ്ടിട്ടുണ്ടോ?”

“ഇല്ല സർ, ഒരിക്കൽ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഒരു ദിവസം നീന കുളിക്കാൻപോയ സമയത്തായിരുന്നു സുധി വിളിക്കുന്നത്. അന്ന് ഞാൻ ഫോൺ എടുത്തു.
“ആകെ പ്രശ്നമായി, ഇനി എന്തും സംഭവിക്കും” എന്ന് ഇങ്ങോട്ടുപറഞ്ഞു. ഞാൻ നീനയല്ല അക്സയാണെന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു.”
അക്സ പറഞ്ഞുനിർത്തി.

“ഈ സംഭവം നടന്നിട്ട് എത്ര ദിവസമായി ?”
രഞ്ജൻ ചോദിച്ചു.

“സർ, അത്..”
അക്സ അല്പസമയം ആലോചിച്ചു നിന്നു.

“ആ, സർ മൂന്നുമാസം. അന്ന് ശനിയാഴ്ച്ചയായിരുന്നു.”
പെട്ടന്ന് അക്സ മറുപടി പറഞ്ഞപ്പോൾ അനസിന് സംശയം ഉടലെടുത്തു.

“ഇത്ര കൃത്യമായി അക്സ ഓർക്കാൻ കാരണം?”

“സർ, ജിനുവിന് ഒരു സുഹൃത്തുണ്ട് വിനു. ആളുടെ കുഞ്ഞേച്ചിയുടെ പിറന്നാളിന് സാരിവാങ്ങാൻ ഞാനും ജിനുവുമാണ് പോയത്. അന്ന് ഹാഫ്‌ ഡേ ലീവ് എടുത്തിട്ട് റൂമിൽ വന്നപ്പോഴാണ് നീനയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്. അപ്പോഴാണ് ഞാനാ ഫോണെടുത്തത്.”

“ശരി അക്സ, എന്തെങ്കിലും ആവശ്യം വരുമ്പോൾ വിളിപ്പിക്കും. അവയ്ലബിൾ ആയിരിക്കണം.”

Leave a Reply

Your email address will not be published. Required fields are marked *