യക്ഷയാമം 8 [വിനു വിനീഷ്]

Posted by

അകലെനിന്നും ഗൗരി കണ്ടു. അപ്പൂപ്പന്താടികൾ കാറ്റിൽ പറന്നു നടക്കുന്നത്.

കാവിലേക്ക് കടന്ന ഗൗരിക്ക് അല്പം ഭയംതോന്നിതുടങ്ങിയിരുന്നു.

കാവിനുള്ളിലൂടെ അവർ അല്പദൂരം നടന്നു.
വനം അവസാനിക്കുന്ന
പടിഞ്ഞാറെ ഭാഗത്തുനിന്നുനോക്കിയാൽ
ബ്രഹ്മപുരത്തിന്റെ പകുതിയിലേറെയും കാണാമായിരുന്നു.

“മതി. വാ , പോകാം.”
അമ്മു തിരക്കുകൂട്ടി.

“നിക്കടി, നോക്ക് എന്തുരസാ കാണാൻ. അല്പനേരംകൂടെ കഴിഞ്ഞിട്ട് പോകാം.
പ്ലീസ് ടാ”
ഗൗരി വാശിപിടിച്ചു.

“മുത്തശ്ശൻ എന്നെ വഴക്കുപറയും. വാ ഗൗരിയേച്ചി.”

അമ്മുവിന്റെ നിർബന്ധപ്രകാരം അവർ തിരിച്ചുനടന്നു.

കാവിന്റെ കിഴക്കേ ഭാഗത്തെത്തിയപ്പോൾ ഗൗരി
നിലത്ത് മഞ്ചാടിമണികൾ കൊഴിഞ്ഞു വീണുകിടക്കുന്നതു കണ്ടു.

കാഞ്ഞിരമരത്തിനോടുചാരി അടുത്തുള്ള കല്ലിന്റെ മുകളിൽ തന്റെ ഐ ഫോൺവച്ചിട്ട് ഗൗരി അതുപെറുക്കാൻ നിന്നു.

ഒരു കൈകുമ്പിൾ നിറയെ മഞ്ചാടിമണികൾ കിട്ടിയ സന്തോഷത്തോടെ അവർ മനയിലേക്കുതിരിച്ചു.

പകുതിയെത്തിയപ്പോഴാണ് തന്റെ ഫോണെടുത്തില്ലയെന്ന് ഗൗരിക്ക് ഓർമ്മവന്നത്.

“അമ്മു ,ന്റെ ഫോണെടുത്തില്ല.”

“ഇയ്യോ…ഇനിയിപ്പ അത്രേം ദൂരം പോണ്ടേ, നിക്ക് വയ്യ.”
അമ്മുനിന്നു ചിണുങ്ങി.

കൈയിലുള്ള മഞ്ചാടിമണികൾ അമ്മുവിന് നേരെനീട്ടി.

“ഞാനെടുത്തിട്ട് വരാം, 30,000 രൂപ വിലയുള്ള ഫോണാ. അച്ഛൻ ചീത്തപറയും.”

ഗൗരി ഫോണെടുക്കാൻ അപ്പൂപ്പൻക്കാവിലേക്ക് തിരിച്ചുനടന്നു.

കാവിലെത്തിയതും ഗൗരി ഫോണുവച്ചിരുന്ന കല്ലിന്റെ അടുത്തേക്കുചെന്നു.
പക്ഷെ അപ്പോൾ അതിന്റെമുകളിൽ കാഞ്ഞിരവൃക്ഷത്തോടുചാരി ഒരാളിരുന്ന് എന്തോ പുസ്തകം വായിക്കുകയായിരുന്നു.

തെക്കൻകാറ്റ് ഒരൊഴുക്കിലങ്ങനെ ഒഴുകിവന്നു.

മുൻപിലേക്കുപാറിയ മുടിയിഴകളെ ഗൗരി വലതുകൈകൊണ്ട് എടുത്ത് ചെവിയോട് ചേർത്തുവച്ചു.

“ഹെലോ, ഏട്ടാ,”
ഇടറിയ ശബ്ദത്തിൽ ഗൗരി അയാളെ വിളിച്ചു.

അവളുടെ വിളികേട്ട് അയാൾ പതിയെ തിരിഞ്ഞുനോക്കി.
അയാളുടെ മുഖംകണ്ട
ഗൗരി അദ്‌ഭുദത്തോടെ നോക്കിനിന്നു.

“ഇത്,….. ഇതുഞാൻ ട്രൈനിൽവച്ചു കണ്ടയാളല്ലേ?, അതെ, അതുതന്നെ”

“മാഷേ, അറിയോ? ന്താ ഇവിടെ ?..”

“ഹാ, താനോ? ഇപ്പൊ എങ്ങനെയുണ്ട് ?..”

“മ്, കുഴപ്പല്ല്യ, ഞാനെന്റെ ഫോണെടുക്കാൻ വന്നതാ.”

Leave a Reply

Your email address will not be published. Required fields are marked *