യക്ഷയാമം 8 [വിനു വിനീഷ്]

Posted by

തിങ്കളിനെ മറച്ചുപിടിച്ച കാർമേഘങ്ങൾ തിരുമേനിയുടെ സാനിധ്യമറിഞ്ഞയുടനെ എങ്ങോട്ടോ ഓടിയൊളിച്ചു.

തുറന്നിട്ട കിഴക്കേജാലകത്തിലൂടെ അരുണരശ്മികൾ ഗൗരിയുടെ കവിളിൽ ഇളംചൂട് പകർന്നപ്പോൾ മിഴികൾതുറന്ന് അവൾ ചുറ്റുംനോക്കി.

പെട്ടന്ന് കട്ടിലിൽ നിന്ന് അവൾ ചാടിയെഴുന്നേറ്റു.

കഠിനമായ തലവേദന അവളെ അലട്ടികൊണ്ടിരുന്നു.

“ഇന്നലെ, എന്താ സംഭവിച്ചേ ?..
അവിടെ, ഞാനെന്തോ കണ്ടല്ലോ.
ദേവീ… എനിക്ക് ഓർക്കാൻ കഴിയുന്നില്ല്യാ.”

ഗൗരി തന്റെ ശിരസിനെ രണ്ടുകൈകൾകൊണ്ട് അമർത്തി പിടിച്ചു.

“ഗൗരിയേച്ചീ…”

അകലെനിന്നുകേട്ട ആ ശബ്ദം അമ്മുവിന്റെയാണെന്ന് തിരിച്ചറിയാൻ ഗൗരിക്ക് അധികസമയം വേണ്ടിവന്നില്ല.

കോണിപ്പടികൾ കയറി അമ്മു ഗൗരിയുടെ മുറിയിലേക്ക് നടന്നുവന്നു.

ഇളംപച്ച നിറത്തിലുള്ള പട്ടുപാവാടയിൽ സ്വർണമിറമുള്ള കസവ് അവളുടെ മുഖം പോലെ തിളങ്ങിനിന്നു.

അഞ്ജനം വാൽനീട്ടിയെഴുതിയിട്ടുണ്ട്.
നെറ്റിയിൽ ഭഗവതിയുടെ കുങ്കുമവും, മഹാവിഷ്ണുവിന്റെ ചന്ദനവും അണിഞ്ഞിരിക്കുന്നു.
ചുണ്ടിന്റെ ഇടതുഭാഗത്തുള്ള ചെറിയ കാക്കാപുള്ളി പുഞ്ചിരിപൊഴിക്കുമ്പോൾ
അല്പം മുകളിലേക്ക് കയറിനിൽക്കുന്നുണ്ടായിരുന്നു.
കഴുത്തിൽ സ്വർണത്തിന്റെ ചെറിയമാലയും, അതിനോട് ബന്ധിച്ച് കറുത്തചരടിൽ തകിടിൽ രൂപകൽപന ചെയ്ത ഏലസുമുണ്ട്.
വലതുകൈയിൽ കറുപ്പും ചുവപ്പും നിറമുള്ള ചരടുകൾ മടഞ്ഞിട്ടിരിക്കുന്നു.

“ഗൗരിയേച്ചി…”
അമ്മു കട്ടിലിലേക്ക് ചാടിക്കയറി അവളുടെ അടുത്തിരുന്നു.

“അമ്മൂ, നീയെപ്പഴാ വന്നേ ?.”
അഴിഞ്ഞുവീണ മുഴിയിഴകൾ വാരികെട്ടുന്നതിനിടയിൽ ഗൗരി ചോദിച്ചു.

“ദേ വരുന്ന വഴിയാ, കുഞ്ഞേച്ചി എണീറ്റേ,
മുത്തശ്ശൻ പറഞ്ഞു അംബലത്തിൽ പോണം ന്ന്.”

ഗൗരി തന്റെ ഫോണെടുത്തുനോക്കി.
അഞ്ജലിയുടെ രണ്ട് മിസ്സ്ഡ് കോൾ .

പുഞ്ചിരിപൊഴിച്ചുകൊണ്ട് ഗൗരി ഫോൺ എടുത്തിടത്തുതന്നെ വച്ചു.

“കുഞ്ഞേച്ചി, എണീക്ക്.”
അമ്മു ഗൗരിയുടെ കൈകൾ പിടിച്ചുവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *