പക്ഷെ ഒരു ദിവസം അവിചാരിതമായി സത്യം കണ്മുന്നിൽ തെളിഞ്ഞു. അവറാച്ചൻ എന്ന കാട്ടളന്റെയും അന്നാമ്മയെന്ന അയാളുടെ ഭാര്യയുടെയും അവരുടെ യജമാനനായ മാധവമേനോൻറെയും തനി സ്വരൂപം കണ്ടു പ്രതികരിക്കാൻ കഴിയാതെ കൈകാലുകൾ തളർന്നു നിസ്സഹായനായി നോക്കി നിൽക്കാനേ ഉണ്ണിക്കു കഴിഞ്ഞുള്ളു.
അന്ന് ഒരു ശനിയാഴ്ചയായിരുന്നു. ആരുടെയോ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഉണ്ണി ഉറക്കമുണർന്നത്. ശ്രദ്ധിച്ചപ്പോൾ അമ്മായിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞു.
ഇനി അതുംകൂടി വിറ്റു തുലച്ചാലെ നിങ്ങൾക്ക് സമാധാനമാവു. അമ്മായി ആരോടോ കയർത്തു സംസാരിക്കുകയാണ്.
ഒരു മുപ്പത്തഞ്ചു വയസ്സുണ്ടാവും നളിനി അമ്മായിക്ക്. സാധാരണയിൽ കവിഞ്ഞ പൊക്കം, അനാവശ്യമായ കൊഴുപ്പിന്റെ അംശം പോലുമില്ലാത്ത വെളുത്തു വടിവൊത്ത ശരീരം, അല്പം നീണ്ട സുന്ദരമായ മുഖം, ഇടതൂർന്ന ചുരുണ്ട തലമുടി, ഒറ്റനോട്ടത്തിൽ തന്നെ തറവാടിത്തം വിളിച്ചോദുന്ന മുഖശ്രീ… തന്റെ ജീവിതത്തിലിന്നുവരെ ഒരിക്കൽ പോലും അമ്മായിയുടെ ശബ്ദം ഇത്ര ഉച്ചത്തിൽ കേട്ടിട്ടില്ലെന്നു ഉണ്ണി ഓർത്തു..
പ്രഭാത കർമങ്ങൾ കഴിഞ്ഞു പുറത്തുവന്നപോഴും മുകളിൽ തർക്കം തീർന്നിട്ടുണ്ടായിരുന്നില്ല. ഇടയ്ക്കു അമ്മാവന്റെ ശബ്ദമുയർന്നു കേൾക്കാമായിരുന്നു. അടുക്കളയിൽ അമ്മ വിളംബിത്തന്ന പുട്ടും കടലയും കഴിക്കുമ്പോൾ മുകളിൽ കിണ്ടിയോ മോന്തയോ മറ്റോ തട്ടി തെറിക്കുന്ന ശബ്ദം കേട്ടു.
“എന്താ അമ്മെ കാര്യം?”, അമ്മയോട് തിരക്കി
“എനിക്കറിയില്യ ഉണ്ണിയേ ഈ നളിനി എന്തു ഭാവിച്ചാന്ന്… മാധവന്റെ സ്വഭാവം അറിയാവുന്നതല്ലേ. അവളുടെ ഭാഗത്തിൽ കിട്ടിയ കിഴക്കേ പാടത്തെ സ്ഥലം വിക്കണതിനെ ചൊല്ലിയുള്ള വഴക്കാ…. അവളെയിന്നവൻ തല്ലി കൊല്ലും”. നളിനി അമ്മായിയുടെ ഭാഗത്തിലുള്ള ഏതോ പുരയിടം വിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നു അമ്മയുടെ മറുപടിയിൽ നിന്നും മനസിലായി.
ഭക്ഷണം കഴിഞ്ഞു കൈകഴുകുന്നതിനിടയിൽ അമ്മാവൻറെ വിളികേട്ടു.
എടാ ഉണ്ണീ….. , ഇവിടെ വാടാ!!!!…….