ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 6
Alathoorile Nakshathrappokkal Part 6 bY kuttettan | Previous Part
‘ഈ അപ്പു എന്താ ഇങ്ങനെ’ അടുക്കളയിൽ പാചകത്തിനിടെ അഞ്ജലി ചിന്തിച്ചു.അപ്പുവിന്‌റെ പിറന്നാൾ ദിനമായിരുന്നു അന്ന്.അവനിഷ്ടമുള്ള വിഭവങ്ങൾ അച്ഛമ്മയിൽ നിന്നു ചോദിച്ചറിഞ്ഞ് അതുണ്ടാക്കാനുള്ള തിരക്കിലായിരുന്നു അവൾ.
താൻ ഇഷ്ടം കൂടിയിട്ടും അപ്പു എന്തുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്ന് അവൾക്ക് എത്തും പിടിയും കിട്ടിയില്ല. തന്നോടു ദേഷ്യപ്പെടുകയൊന്നുമില്ല.എന്നാൽ മൊത്തത്തിൽ ഒരു തണുപ്പൻ സമീപനം.തന്നെ വല്ലാതെ അവഗണിക്കുന്നു.
ഇനി അപ്പുവിനു തന്നോടുള്ള ഇഷ്ടം കുറഞ്ഞോ?
അവളുടെ മനസ്സു നിറയെ ചോദ്യങ്ങളായിരുന്നു.
ഇതിനൊരുത്തരം കിട്ടാനായി അവൾക്കു വിളിക്കാൻ ഒരേയൊരാളെ ഉണ്ടായിരുന്നുള്ളു…രേഷ്മ
ഇരിക്കപ്പൊറുതിയില്ലാതായ അവൾ രേഷ്മയെ വിളിക്കുക തന്നെ ചെയ്തു.
‘എന്താടി?’ തന്റെ പതിവു കുസൃതി സ്വരത്തിൽ രേഷ്മ ചോദിച്ചു
മുഖവുരയൊന്നും കൂടാതെ തന്നെ അഞ്ജലി കാര്യങ്ങൾ തുറന്നു പറഞ്ഞു. രേഷ്മ പൊട്ടിച്ചിരിച്ചു’ എന്റെ അഞ്ജലീ, അതൊന്നും കാര്യമാക്കേണ്ട, ചില ആൺകുട്ടികൾ ഇങ്ങനെയാണ്, കുറച്ചു നാൾ എടുക്കും എന്ന് റെഡിയായി വരാൻ.’ അവൾ പറഞ്ഞു.
‘പക്ഷേ ??’ അഞ്ജലിക്ക് ആ ഉത്തരം തൃപ്തികരമായി തോന്നിയില്ല.
‘ഇപ്പോൾ അവൻ എവിടെയുണ്ട്?’രേഷ്മ അപ്പുവിനെപ്പറ്റി തിരക്കി.
‘ഓഫീസിൽ പോയിരിക്കുകയാണ് ഉടൻ വരും’ അഞ്ജലി മറുപടി പറഞ്ഞു.
‘നീ അവനോടു കുറച്ചൂടി സ്നേഹം കാട്ട് അഞ്ജലി, ഇഷ്ടമുള്ള പെണ്ണിന്റെ മുന്നിൽ ആൺപിള്ളേരുടെ പിടിവാശിയൊക്കെ ഠപ്പേന്നു മാഞ്ഞുപോകും’ രേഷ്മ തന്റെ അനുഭവസമ്പത്ത് അഞ്ജലിക്കു മുന്നിൽ വിളമ്പി.
ചറപറാന്നു രേഷ്മ വീണ്ടും എന്തൊക്കെയോ പറഞ്ഞു.ഒടുവിൽ ഫോൺ കട്ടായി
———
അന്നേദിവസം അപ്പു വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരുപാടു വൈകിയിരുന്നു.നേരത്തെ പോകാമെന്നു വിചാരിച്ചിരുന്നതാണ്, പക്ഷേ ഇറങ്ങാൻ തുടങ്ങുന്നതിനിടെ മുംബൈയിൽ നിന്നൊരു കോൾ- ഐഐടിയിൽ ഒരുമിച്ചുണ്ടായിരുന്ന ഒരു ചങ്ങാതിയാണ്-പേര് മിഥുൻ വർമ. ഇപ്പോൾ ഒരു വലിയ എക്‌സ്‌പോർട്ടിങ് കമ്പനിയുടെ ജൂനിയർ മാനേജറായ മിഥുൻ അപ്പുവിനെ വിളിച്ചത് ഒരു ഗുണകരമായ കാര്യം പറയാനായിരുന്നു. പാലക്കാടൻ റൈസ് മില്ലുകളിൽ നിന്ന് അരി കയറ്റുമതി ചെയ്യാൻ അയാളുടെ കമ്പനിക്കു താൽപര്യമുണ്ട്. അതിന്‌റെ കോൺട്രാക്ട് അ്പ്പുവിന്‌റെ കമ്പനിക്കു നൽകുന്നതായി അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ കോൾ.
താൻ നേതൃത്വം ഏറ്റെടുത്തതിനു ശേഷം തറവാടിന്‌റെ ബിസിനസ്സിനു കിട്ടുന്ന ആദ്യ അവസരം… അപ്പു അതു നന്നായി ഉപയോഗിച്ചു.ഉടനടി ചില പേപ്പറുകൾ തയാറാക്കി അയയ്‌ക്കേണ്ടതിനാൽ സമയം ഒരുപാടു വൈകി.