അമ്മയുടെ വിളികേട്ട് അവൾ ചാടി എഴുന്നേറ്റു, അഴിഞ്ഞു കിടന്ന മുടി വാരിക്കെട്ടി തിടുക്കത്തിൽ വാതിൽ തുറന്നു
.. എന്താ അമ്മേ..
അമ്മയുടെ മുഖത്തെ പരിഭ്രമം കണ്ട് അശ്വതിക്ക് വേവലാതിയായി
.. മോള് വേഗം റെഡി ആക് നമുക്ക് ഹരിയുടെ വീട് വരെ ഒന്ന് പോകാം..
.. കാര്യം പറയ് അമ്മേ..
.. ലക്ഷ്മിയമ്മ പോയി..
അശ്വതി ആ വാർത്ത വിശ്വസിക്കാനാകാതെ നടുക്കത്തോടെ അമ്മയെ നോക്കി
തളർച്ചയോടെ ചുമരിലേക്ക് ചാരിയ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
.. ഞാൻ ചെന്നു കയറിയ ദോഷമാണോ അമ്മേ രണ്ടു ജീവനുകൾ പൊലിയാൻ കാരണം..
കൈകൾ തലയിൽ വെച്ച് അവൾ വിങ്ങിപ്പൊട്ടി
.. അല്ല മോളെ, എല്ലാം ദൈവം വിധിച്ച പോലെയേ വരൂ..
പക്ഷെ അവൾക്കതൊരു സമാധാന വാക്ക് പോലെ തോന്നിയില്ല
കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ച് അവൾ ഒന്നും പറയാതെ ഇറങ്ങി നടന്നു
വാടിത്തളർന്ന് മരണ വീട്ടിലേക്ക് കാലെടുത്ത് വെച്ചപ്പോൾ കണ്ടു തന്നെ തുറിച്ചു നോക്കുന്ന ഒരുപാട് കണ്ണുകൾ
അകത്തളത്തിൽ അമ്മയുടെ നിശ്ചലമായ ശരീരം, ശാന്തമായ മുഖത്ത് ഇപ്പോളും വായിച്ചെടുക്കാം തന്നോടുള്ള സ്നേഹം
,മോളെ വിശക്കുന്നു, അൽപ്പം കഞ്ഞി എടുത്തോ എന്ന് പറയാൻ പറയാൻ അമ്മയിനി ഇല്ല,
തളർന്നിരിക്കുന്ന അച്ഛന്റെ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് മനസിലായില്ല
ചേച്ചിയുടെ ക്രോധം നിറഞ്ഞ നോട്ടം നേരിടാനാവാതെ അവൾ തല കുമ്പിട്ടിരുന്നു