“എങ്കില്‍ പൊറോട്ടേം കടലക്കറിയും എടുക്കട്ടെ..??” “ഉം…. ” അവനൊന്നു മൂളുക മാത്രം ചെയ്തു. അയാള്‍ അവനെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി. അല്‍പസമയം കഴിഞ്ഞു ഒരു കൈയില്‍ പൊറോട്ടയും മറുകൈയില്‍ കടലക്കറിയും കൊണ്ടയാള്‍ വന്നു. അത് മേശപ്പുറത്തു വെച്ചപ്പോള്‍ തന്നെ സുനില്‍ കഴിക്കാന്‍ തുടങ്ങി. “ചായ വേണോ..??” സുനില്‍ വേണ്ട എന്ന് തലയാട്ടി. ചായക്കടക്കാരന്‍ അവനെ ഒന്നൂടെ നോക്കിക്കൊണ്ട് അപ്പുറത്തെ മേശയില്‍ വന്നിരുന്നവരോട് എന്ത് വേണമെന്ന് ചോദിച്ചു അങ്ങോട്ട് ചെന്നു. സുനില്‍ ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ വിശപ്പിന്റെ തീ കെടുത്തുന്ന തിരക്കിലായിരുന്നു. അവസാനത്തെ പൊറോട്ടയുടെ ചുരുളും വായിലേക്ക് വെച്ചപ്പോഴാണ് അവനു മനസിലായത് ഇനിയില്ലാന്നു. “ഇനി വേണോ..??” അയാളുടെ ചോദ്യത്തിന് മുഖം നോക്കാതെ വേണ്ട എന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞിട്ട് അവന്‍ തന്റെ കൈവിരലുകള്‍ നുണഞ്ഞു കൊണ്ട് കൈ കഴുകാന്‍ എണീറ്റു. കൈ കഴുകി മുണ്ടിന്‍ തലപ്പ് കൊണ്ട് മുഖം തുടച്ചു അവന്‍ ചായക്കടക്കാരന്റെ മേശയ്ക്കരികിലെക്ക് നടന്നടുത്തു. അവന്‍ ഒരു വിളറിയ ചിരി ചിരിച്ചു അയാളും ഒരു ചിരി ചിരിച്ചെന്നു വരുത്തി. “അപ്പൊ 4 പൊറോട്ടയും കടലക്കറിയും…ഉം.. മൊത്തം 52 ആയി 50 തന്നാ മതി കേട്ടോ..” അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് അവന്റെ മുഖം ഒന്ന് കോടി എങ്കിലും അത് പുറത്തു കാണിക്കാതെ അവന്‍ ചോദിച്ചു “നല്ല ഭക്ഷണം.. കുറച്ചു ദിവസായെ ഇത് പോലുള്ള നല്ല ഭക്ഷണം കഴിച്ചിട്ട്.. എന്താ ചേട്ടന്റെ പേര്..???” അത് കേട്ട് അയാള്‍ “ചന്ദ്രപ്പന്‍” എന്ന് മറുപടി നല്‍കി. പിന്നെ അവന്‍ ചന്ദ്രപ്പന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് അതേയ് ചേട്ടാ ഇപ്പം എന്റെ കൈയില്‍ കാശില്ലാ ഞാന്‍ പിന്നെ തന്നാ മതിയോ..??” അത് കേട്ടതോടെ ചന്ദ്രപ്പന്റെ മുഖം പതിയെ മറ്റൊരു അവതാരം കൈക്കൊണ്ടു “അതേയ്.. അത് കൊള്ളാല്ലോ.. ഞാനിവിടെ ചായക്കട നടത്തുന്നതെ എനിക്കും എന്റെ കുടുംബത്തിനും ജീവിക്കാനാ അല്ലാതെ വിശക്കുന്നോരെ ഊട്ടാനല്ല. മോന്‍ കാശ് വെച്ചിട്ട് പോകാന്‍ നോക്ക്.” സുനില്‍ ചുറ്റും നോക്കി ആള്‍ക്കാര്‍ പതിയെ കൂടുന്നു പക്ഷെ ആരിലും ദയ എന്ന രണ്ടക്ഷരം മാത്രം കണ്ടില്ല. അവന്‍ ഒന്നും പറയാതെ തല കുമ്പിട്ടു നിന്നു.