ഓണപ്പാർട്ടി
Onaparty | Author : Radha
ഇന്നലെ കുടിച്ചതൽപ്പം കൂടിപ്പോയി നല്ല തലവേദന അതിന്റെ കൂടെ അവന്മാരുടെ ഫോൺവിളിയും ഓണമായിട്ട് മൂന്ന് ദിവസത്തെ കുടിയും കളിയും നേരത്തെ പ്ലാൻ ചെയ്തതാ…. അതിന്റെ ഇടയിൽ നിന്നുമാണ് രാധയും കുഞ്ഞും ഒറ്റക്കാണെന്ന കാരണം പറഞ്ഞു ഇന്നലെ രാത്രി പോന്നത്… ഇന്ന് വെളുപ്പിനെ തിരിച്ചെത്താം എന്നായിരുന്നു കരാറ്, കാണാത്തതിനുള്ള വിളിയാണ്.
വിജയൻ ഒരു വിധം എഴുന്നേറ്റു ടോയ്‌ലെറ്റിൽ കേറി രാവിലെയുള്ള പല്ലുതേപ്പും തൂറലും കുളിയുമെല്ലാം തീർത്തു ഡ്രസ്സ് ചെയ്ത് പുറത്തിറങ്ങി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തപ്പോൾ രാധ ഓടി വന്നു..
“ഏട്ടാ…. ദേവൂന്ന് ഒട്ടും വയ്യ.. ശ്വാസം കിട്ടാതെ കിടന്നു പിടയുവാ.. “
” നീയാ മരുന്ന് കൊടുക്ക്… കുറഞ്ഞോളും “
“മരുന്ന് കൊടുത്തിട്ടും കുറവില്ലേട്ടാ.. ആശുപത്രീൽ പോണം “
“നീ ആ മരുന്ന് കുറച്ചൂടെ കൊടുക്ക്.. അപ്പോളേക്കും ഞാൻ ഒന്ന് പുറത്തു പോയിട്ട് വേഗം വരാം “
“പ്ലീസ് ഏട്ടാ “
അവളുടെ കരയുന്ന കണ്ണിൽ നോക്കാൻ കഴിയാതെ കവിളിൽ ഒന്ന് തടവീട്ട് ബുള്ളറ്റ് ഗേറ്റ് കടന്നു പുറത്തേക്ക് ഓടിച്ചു പോകുമ്പോളും അവൾ അവിടെത്തന്നെ പ്രതിമ പോലെ നിൽക്കുവായിരുന്നു.. പിന്നെ പെട്ടെന്നെന്തോ ഓർമ്മ വന്നതുപോലെ അകത്തേക്കോടി…
ശ്വാസം കിട്ടാതെ പിടയുന്ന അഞ്ചുവയസ്സുകാരി ദേവൂനെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ രാധ പകച്ചു നിന്നു….
വളയം പിടിക്കുന്നവനോടുള്ള പ്രണയം മൂത്ത് വിവാഹത്തിന്റെ തലേന്ന് ഓടിപ്പോന്നതാണ് വിജയനൊപ്പം, കള്ള് കുടിയും തല്ലും ബഹളവുമായി നടക്കുമെങ്കിലും തന്നേയും മകളേയും ജീവനാണ് പക്ഷെ കൂട്ടുകാർക്ക് മുമ്പിൽ ഞങ്ങൾക്കെന്നും രണ്ടാം സ്ഥാനം മാത്രമാണ്..
കൂട്ടുകെട്ടും ബഹളവുമായി നടക്കുന്ന വിജയേട്ടനുമായി കല്യാണത്തലേന്നുള്ള ഒളിച്ചോട്ടം തന്നെ എന്റെ അച്ഛനെയും അമ്മയേയും തളർത്തി ഇനി അവരുടെ മുമ്പിൽ ജീവിക്കുന്നത് കൂടി അവർക്ക് താങ്ങാൻ ആകില്ലെന്നുള്ള ചിന്തയും വിജയേട്ടനെ കൂട്ടുകാരിൽ നിന്നും മാറ്റാൻ ഉള്ള സൂത്രവും കൂടി ആയിട്ടാണ് രാധ വിജയേട്ടനുമായി ഈ നഗരത്തിലേക്ക് വന്നത്..
വന്നു രണ്ട് മൂന്ന് മാസം കൂടി കഴിഞ്ഞപ്പോളേക്കും വിജയേട്ടനിവിടെ കൂട്ടുകാരും കമ്പിനിയും കള്ളുകുടി പാർട്ടിയുമായി… വിജയേട്ടന്റെ സ്വഭാവത്തിന് നാലഞ്ച് മാസത്തിൽ കൂടുതൽ ഒരു വീട്ടിലും ജീവിക്കാൻ കഴിയാത്തതുകൊണ്ട് എനിക്ക് കൂട്ടുകാരുമില്ല വിജയേട്ടന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് അയൽവക്കകാരുടെ സഹകരണവുമില്ല… അതുകൊണ്ട് തന്നെ ഞാനും എന്റെ മോളും ഇവിടെ തനിച്ചാണ്….