പക്ഷേ, അവന് കൈമളെ തിരിച്ചടിക്കാനാവില്ല.. അടി കൊണ്ടാണ് അവന് ശീലം..തമ്പ്രാക്കൾക്കോ, കാര്യസ്ഥനോ എതിരെ കയ്യുയർത്താൻ പാടില്ലെന്ന് ചെറുപ്പത്തിലേ മനസിലുറച്ചതാണ്..അവരോട് എതിർത്ത് സംസാരിക്കാൻ പോയിട്ട് ഉറക്കെ സംസാരിക്കാൻ പോലും പാടില്ല.. കുമാരന് കരുത്തില്ലാഞ്ഞിട്ടല്ല.. അവന്റെ ഒറ്റയടിക്ക് അറുപത് കാരനായ കൈമൾ മരിച്ച് വീഴും.. തമ്പ്രാക്കൾക്കൊപ്പം നായാട്ടിന് പോകുമ്പോൾ വേട്ട നായ്ക്കളെപ്പോലും ഓടിത്തോൽപിക്കുന്നവനാണ് കുമാരൻ..അത്ര കരുത്തനാണവൻ..എന്നിട്ടും അവന് പ്രതികരിക്കാൻ കഴിയാത്തത് സാഹചര്യങ്ങൾകൊണ്ടാണ്.. ചെറുപ്പത്തിലേ മനസിൽ വേരുറച്ച് പോയ ചില ആചാരങ്ങൾ കൊണ്ടാണ്..
തമ്പ്രാനെയോ, കാര്യസ്ഥനെയോ എതിർത്താൽ ശിക്ഷ മരണമായിരിക്കുമെന്ന് അവിടുത്തെ ഓരോ കുഞ്ഞിനുമറിയാം..പക്ഷേ അവർ എതിർക്കാതിരിക്കുന്നത് മരണ ഭയം കൊണ്ട് മാത്രമല്ല..ഏതൊരു മനുഷ്യനും അത്യാവശ്യഘട്ടത്തിലെങ്കിലും തോന്നുന്ന ധൈര്യമെന്ന വികാരം തലമുറകളായി ആ കുലത്തിൽ ഒരാൾക്കുമില്ല..അവരുടെ മനസിലും, മസ്തിഷ്കത്തിലും ഭയം നിറച്ച് ധൈര്യമെന്ന വികാരം തലമുറകൾക്ക് മുന്നേ തമ്പ്രാക്കന്മാർ എടുത്ത് മാറ്റിയിട്ടുണ്ട്.. അനുസരിക്കുക എന്നൊരു ശീലം മാത്രമേ അവർക്കറിയൂ.. പ്രതികരിക്കുക,അല്ലെങ്കിൽ പ്രതിഷേധിക്കുക എന്നതൊന്നും അവർക്കറിയില്ല..അവരുടെ മുൻ തലമുറകളിൽ പലരും തമ്പ്രാന് വേണ്ടി സന്തോഷത്തോടെ മരിച്ചവരാണ്..
കാലങ്ങളായി ആ കുലത്തിൽ വേരുറച്ച് പോയ വിശ്വാസം ഇന്നും തുടർന്ന് പോരുന്നു.. അത് കൊണ്ടാണ് നല്ല കരുത്തനായ കുമാരന് പോലും ശേഖരക്കൈമളെ എതിർക്കാനാവാത്തത്.. കുമാരന്റെയത്ര കരുത്തുള്ള ഒരു തമ്പ്രാൻ പോലും ആ ദേശത്തില്ല.. പക്ഷേ, കുമാരനും പ്രതികരണ ശേഷിയില്ലാത്ത വെറും അടിമയായിരുന്നു..