ലവ് ബൈറ്റ് 4 [കാവൽക്കാരൻ]

Posted by

 

അതൊരു മാന്ത്രികവിദ്യ പോലെയായിരുന്നു. എന്റെ കൈ വിട്ടതും, അവളുടെ മുഖത്തെ ആ ദേഷ്യം പൂർണ്ണമായും അപ്രത്യക്ഷമായി. ആ പഴയ ശാന്തതയിലേക്ക്, എനിക്കറിയാവുന്ന അനുവായി അവൾ പെട്ടെന്ന് മാറി. എങ്കിലും ആ ഒരു നിമിഷത്തെ നോട്ടം എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പോലെ കടന്നുപോയിരുന്നു.

 

ഞാൻ വേഗം ആ ചേട്ടന്റെ നേരെ തിരിഞ്ഞു. പാവം, ആകെ വിറച്ചു നിൽക്കുകയാണ്.

 

“ചേട്ടാ… സാരമില്ല, ചേട്ടൻ പൊയ്ക്കോ. അവൾക്ക് പെട്ടെന്ന് ദേഷ്യം വന്നതുകൊണ്ട് പറഞ്ഞതാ… ചേട്ടൻ വിഷമിക്കാതെ പോയി പണി നോക്കിക്കോ…”

 

ഞങ്ങളുടെ ടേബിളിൽ ഉള്ളവർക്ക് കേൾക്കാൻ പാകത്തിന് ഞാൻ വളരെ സൗമ്യമായി അയാളോട് പറഞ്ഞു…

 

എന്റെ വാക്കുകൾ കേട്ടതും മരവിച്ച മുഖമോടെ കൈകൂപ്പി ഒന്ന് തലയാട്ടിയിട്ട് അയാൾ വേഗം അവിടെ നിന്നും നടന്നുപോയി.

 

പാവം…!

 

ഇനിയിപ്പോൾ അവിടെ ഇരുന്ന് കഴിക്കാൻ എനിക്കൊരു മൂഡുമില്ലായിരുന്നു.

 

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ, ചേച്ചിയും ഏട്ടത്തിയും കഴിക്കുന്നതൊക്കെ നിർത്തി കൈ കഴുകാൻ എഴുന്നേൽക്കാൻ റെഡിയായി നിൽപ്പുണ്ട്.

 

“വാ… നമുക്ക് പോവാം,”

 

ഞാൻ പറഞ്ഞു.

 

ശേഷം ഞങ്ങളെല്ലാവരും കസേരയിൽ നിന്നും എഴുന്നേറ്റു. ആ വലിയ കാന്റീനിലെ എല്ലാവരുടെയും നോട്ടം അപ്പോഴും ഞങ്ങളുടെ നേരെ തന്നെയായിരുന്നു. കാഷ് കൗണ്ടറിൽ പോയി ബില്ല് കൊടുത്ത് ഞങ്ങൾ പുറത്തേക്ക് നടന്നു.

 

യാതൊന്നും സംഭവിക്കാത്തതുപോലെ, ഗൗരവത്തിൽ ഡോക്ടർ കോട്ടിന്റെ പോക്കറ്റിൽ കൈയിട്ട് അനുവാണ് മുന്നിൽ നടക്കുന്നത്. അവൾക്ക് പിന്നിലായി നടക്കുമ്പോഴും, ആ മെഡിക്കൽ സ്റ്റുഡന്റസ് എന്തുകൊണ്ടാണ് അവളെ അത്രയും ഭയപ്പെട്ടതെന്നും, എന്നെ നോക്കിയ ആ ഒറ്റ നോട്ടവും എന്റെ മനസ്സിൽ കിടന്ന് വല്ലാതെ കറങ്ങുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *