അനന്യ ആർദ്രതയോടെ അർജുന്റെ കൈകളിൽ പിടിച്ചു. പക്ഷേ അവൻ ആ കൈകൾ പതുക്കെ മാറ്റി.
അർജുൻ: “അന്ന് ഞാൻ തിരിച്ചറിഞ്ഞതാണ്, ആ വീട്ടിൽ എനിക്ക് സ്ഥാനമില്ലെന്ന്. വിശ്വനാഥന്റെ മരുന്നുകൾക്കും സ്പർശനങ്ങൾക്കും മുന്നിൽ അമ്മ എന്നെ മറന്നുകളഞ്ഞു. എന്നെ സംരക്ഷിക്കാത്ത ആ അമ്മയെ എനിക്ക് ഇനി വേണ്ട. വിശ്വനാഥൻ എന്നെ തല്ലിയതിനേക്കാൾ വലിയ മുറിവ് അമ്മയുടെ ആ നിശബ്ദത എനിക്ക് നൽകി.”
അർജുൻ തന്റെ ബാഗ് തോളിലിട്ടു. ആ മുറിയിലെ ഇരുട്ടിലേക്ക് നോക്കി അവൻ അവസാനമായി പറഞ്ഞു:
അർജുൻ: “ഇനി എനിക്ക് ആരോടും പരാതിയില്ല. വിശ്വനാഥനും അമ്മയും അവരുടെ ലോകത്ത് സന്തോഷിക്കട്ടെ. പക്ഷേ ആ ഓർമ്മകൾ ചുമന്നുകൊണ്ട് നിന്റെ കൂടെ ജീവിക്കാൻ എനിക്ക് കഴിയില്ല അനന്യാ. ഈ ലോകത്ത് എനിക്ക് ആരെയും വിശ്വാസമില്ല. എന്റെ അമ്മ പോലും എന്നെ ചതിച്ച സ്ഥിതിക്ക്… എനിക്ക് എന്റെ ഏകാന്തത മതി.”
അവൻ ആ മുറിയുടെ പടിയിറങ്ങി. പുറത്തെ ഇരുട്ടിലേക്ക് അവൻ നടന്നു മറയുമ്പോൾ, അനന്യ അവിടെ തകർന്നു നിൽക്കുകയായിരുന്നു. സ്വന്തം അമ്മ സംരക്ഷിക്കാത്ത, സ്വന്തം വീട് നരകമായ ഒരുവന്റെ വേദനയ്ക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ അവൾ വിതുമ്പി.
അർജുന്റെ മനസ്സ് വീണ്ടും പഴയ കാലത്ത് പോയി..
പുഴയോരത്തുകൂടിയുള്ള ആ റോഡ് വിജനമായിരുന്നു. വരുൺ അവിടെ എനിക്കായി കാത്തുനിന്നിരുന്നു. പണ്ട് അച്ഛന്റെ ആക്സിഡന്റ് നടന്ന അതേ സ്ഥലത്തിന് അടുത്തായി ഞാൻ എന്റെ സൈക്കിൾ ചവിട്ടി വീഴ്ത്തി. റോഡിലെ കൊക്കയിലേക്ക് എന്റെ ബാഗും പുസ്തകങ്ങളും ചിതറിക്കിടക്കുന്ന രീതിയിൽ ഇട്ടു. എന്റെ ഒരു ചെരിപ്പ് പുഴയുടെ വക്കിലും മറ്റൊന്ന് റോഡിലും ഉപേക്ഷിച്ചു.