ഞാൻ അവിടേക്ക് നോക്കി.
അവിടെ, ആ പഴയ മരത്തൂണിൽ ചാരി, ഞങ്ങളുടെ ഒക്കെ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ഇരിക്കുന്നു. നീല നിറത്തിലുള്ള ദാവണിയാണ് വേഷം. തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. അവളുടെ മടിയിൽ ഒരു വീണയുണ്ടായിരുന്നു.
അവൾ കണ്ണുകൾ അടച്ച്, മെല്ലെ ആ വീണയുടെ തന്ത്രികളിലൂടെ വിരലുകൾ ചലിപ്പിച്ചു. പിന്നെ ആ മധുരശബ്ദത്തിൽ അവൾ പാടാൻ തുടങ്ങി. ആ പ്രഭാതത്തിന്റെ ശാന്തതയിലേക്ക് ആ പാട്ട് അലിഞ്ഞുചേർന്നു.
“കുറൈ ഒന്റും ഇല്ലൈ മറൈമൂർത്തി കണ്ണാ…
കുറൈ ഒന്റും ഇല്ലൈ കണ്ണാ…
കുറൈ ഒന്റും ഇല്ലൈ ഗോവിന്ദാ…”
എം.എസ്. സുബ്ബലക്ഷ്മിയുടെ ആ അനശ്വര ഗാനം…
ചെറുപ്പം മുതലേ പാട്ട് എന്ന് കേട്ടാൽ ഞാൻ എല്ലാം മറന്നു നിൽക്കും. സംഗീതം എനിക്ക് ജീവനാണ്. അവളുടെ ശബ്ദത്തിലെ ആ ഭക്തിയും, വീണയുടെ നാദവും എന്നെ അവിടെ പിടിച്ചു നിർത്തി. ഞാൻ അറിയാതെ മയങ്ങിപ്പോയി, കണ്ണ് ചിമ്മാതെ അവളെത്തന്നെ നോക്കി നിന്നുപോയി.
എന്നാൽ എന്റെ ഈ നിൽപ്പ് തൊട്ടടുത്ത് നിന്ന നിധിക്ക് അത്ര പിടിച്ചില്ല.
അവൾ എന്നെയും പാട്ടു പാടുന്ന ആ പെൺകുട്ടിയെയും മാറി മാറി നോക്കി.
അവളുടെ മുഖത്ത് പെട്ടെന്ന് അസൂയയുടെയും കുശുമ്പിന്റെയും ഒരു മിന്നലാട്ടം വന്നു.
എന്റെ നോട്ടം അത്ര ശരിയല്ലെന്ന് തോന്നിയത് കൊണ്ടാവാം, അവൾ എന്റെ കയ്യിൽ ശക്തിയായി ഒന്ന് നുള്ളി.
ഞാൻ ശബ്ദം പുറത്തു വരാതെ വേദന കടിച്ചുപിടിച്ചു അവളെ നോക്കി.
നിധി കണ്ണുരുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു.