ഞാൻ പതുക്കെ പറഞ്ഞു.
ഞങ്ങൾ ഓരോരുത്തരായി ആ വരാന്തയിലേക്ക് കയറി. ചെടികളിലെ പൂക്കളുടെ ഗന്ധം അവിടെയാകെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ അടുത്തെത്തിയതും, അദ്ദേഹം ആ കത്രിക സാവധാനം മേശപ്പുറത്ത് വെച്ചു.
എന്നിട്ട് മൂക്കിന് താഴേക്കിറങ്ങി ഇരിക്കുന്ന കണ്ണടയിലൂടെ ഞങ്ങളെ ഒന്ന് നോക്കി.
ആ നോട്ടത്തിൽ അമ്പരപ്പോ ആകാംഷയോ ഒന്നും ഉണ്ടായിരുന്നില്ല. മറിച്ച്, വല്ലാത്തൊരു ശാന്തതയായിരുന്നു.
“വരുമെന്ന് എനിക്കറിയാമായിരുന്നു…”
അദ്ദേഹം പതുക്കെ, ഗൗരവത്തോടെ പറഞ്ഞു.
“പക്ഷേ ഇത്ര നേരത്തെ പ്രതീക്ഷിച്ചില്ല…”
അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ട് ഞങ്ങൾ പരസ്പരം നോക്കി. ഞങ്ങളെ കാത്തിരിക്കുകയായിരുന്നു ഇദ്ദേഹം?
ഞാൻ ഒരല്പം ഭയത്തോടെയും, അതിലേറെ പ്രതീക്ഷയോടെയും അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ഞങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ മനുഷ്യന്റെ കൈയ്യിൽ ഉണ്ടാവുമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു….
ഞങ്ങൾ… ഞങ്ങൾ പ്രൊഫസറെ കാണാൻ വന്നതാണ്. സാറാണോ…?”
സച്ചിൻ അയാളോട് ചോദിച്ചു…
ആ ചോദ്യം കേട്ടതും അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു നേർത്ത ചിരി വിരിഞ്ഞു. ഒരു കൊച്ചുകുട്ടിയുടെ ചോദ്യം കേട്ട് ചിരിക്കുന്നത് പോലത്തെ ഒരു ചിരി.
”ഹേയ്… ഞാനോ…? ഞാനല്ല…”
അദ്ദേഹം തന്റെ മുഷിഞ്ഞ കൈകൾ കൂട്ടിത്തരുമ്മി, ആ കസേരയിൽ കൂടുതൽ ചാരിയിരുന്നു…..
”അകത്തുണ്ട്…”
അദ്ദേഹം വീടിന്റെ തുറന്നുകിടക്കുന്ന വലിയ വാതിലിലേക്ക് വിരൽ ചൂണ്ടി.