ഒടുവിൽ മറ്റു വഴിയില്ലാതെ, എന്നാൽ മനസ്സിൽ ചെറിയൊരു സന്തോഷത്തോടെ ഞാൻ മുറിയിലേക്ക് നടന്നു.
************
സമയം 7 മണി.
മുറ്റത്ത് വണ്ടികൾ വന്നുനിൽക്കുന്ന ശബ്ദം കേട്ടപ്പഴേ എന്റെ നെഞ്ചിടിപ്പ് കൂടി.
വിചാരിച്ചതുപോലെ തന്നെ, അയൽപക്കത്തെ ചേച്ചിമാരും പിള്ളേരും പിന്നേ ഫാമിലി ഫ്രണ്ട്സും ഒക്കെ ഓരോരോ ഗിഫ്റ്റ് ബോക്സുകളും തൂക്കി വരുന്നുണ്ട്.
എന്നെ കാണുമ്പോൾ അവരുടെയൊക്കെ മുഖത്തൊരു വല്ലാത്ത ചിരി. ‘ഇത്രയും വളർന്ന, തൊഴിലില്ലാത്ത ഒരണ്ണൻ ഇപ്പോഴും ബർത്ത്ഡേ ആഘോഷിക്കുന്നോ’ എന്ന പുച്ഛം കലർന്ന ചിരി.
അത് കാണുമ്പോൾ എന്റെ തൊലിയുരിഞ്ഞു പോകുന്ന പോലൊരു ഫീൽ!
ഞാൻ പല്ലിരുമ്മിക്കൊണ്ട് ഏട്ടത്തിയെ ഒന്ന് നോക്കി.
എന്നെ ഈ കോലത്തിലാക്കിയതിന്റെ പ്രധാന കാരണക്കാരി അവളാണല്ലോ. എന്റെ ആ നോട്ടം കണ്ടതും ഏട്ടത്തി ചിരി അടക്കിപ്പിടിക്കാൻ പാടുപെടുകയാണ്. “ഒന്നൂല്ലടാ… നീ കൂൾ ആവ്…” എന്ന് ആംഗ്യം കാണിക്കുന്നുണ്ടെങ്കിലും ആ മുഖത്തെ ചിരി മായുന്നില്ല.
എന്റെ ചേച്ചിയാണെങ്കിൽ ദൂരെ മാറിനിന്ന് വായ പൊത്തി ചിരിക്കുവാണ്. അതൊക്കെ സഹിക്കാം, പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് അതൊന്നുമല്ല. അമ്മയും, എന്തിന്… വീട്ടിൽ ഒരുകാലത്തും ചിരിച്ചു കണ്ടിട്ടില്ലാത്ത എന്റെ തന്തപ്പിടി വരെ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു! ഇതെന്ത് അദ്ഭുതം! സ്വന്തം മോൻ നാണംകെട്ട് നിൽക്കുന്നത് കാണുമ്പോൾ ഇവർക്കൊക്കെ എന്താ ഇത്ര സന്തോഷം?