എല്ലാവരും അന്തംവിട്ട് ഞങ്ങളെ തന്നേ നോക്കിനിൽക്കുകയാണ്.
അവളെന്റെ തൊട്ട് മുന്നിലെത്തിയതും ആ ഒരു പീസ് കേക്ക് എനിക്ക് നേരെ നീട്ടി….
എനിക്ക് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും, വന്ന അതിഥിയല്ലേ, വെറുതെ സീൻ ആക്കേണ്ട എന്ന് കരുതി ഞാനത് വാങ്ങാൻ കൈ നീട്ടി.
പെട്ടെന്നാണ് അവൾ ആ കൈ പിന്നിലേക്ക് വലിച്ചത്!
ഞാൻ സംശയത്തോടെ അവളെ നോക്കി.
ഭാവഭേദമില്ലാതെ അവൾ വീണ്ടും, കയ്യിലിരുന്ന ആ പീസ് എന്റെ വായക്ക് നേരെ നീട്ടി.
എന്റെ കണ്ണ് തള്ളിപ്പോയി. ചുറ്റുമുള്ളവർ ശ്വാസം വിടാൻ പോലും മറന്ന് ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നു.ആകേ ഉരുകി തീരുന്നതുപോലെയുള്ള ഒരു അവസ്ഥ ഇവളെന്താ ഈ കാണിക്കുന്നത്?
ഞാൻ വായ തുറക്കാതെ ഈ പെണ്ണ് ഇവിടുന്ന് പോവില്ല എന്നെനിക്ക് ഏകദേശം ഉറപ്പായി. ഗത്യന്തരമില്ലാതെ ഞാൻ വായ തുറന്നു.
അവൾ ആ കേക്ക് പീസ് സാവധാനം എന്റെ വായിലേക്ക് വെച്ചുതന്നു.
അവളുടെ മൃദുവായ വിരലുകൾ എന്റെ ചുണ്ടിൽ സ്പർശിച്ച നിമിഷം…
ദൈവമേ…
ദേഹമൊട്ടാകെ ഒരു തണുത്ത തിരമാല ഓടിപ്പോയതുപോലെ ഹൃദയം ഒറ്റ നിമിഷംക്കൊണ്ട് താളം തെറ്റി.
ഞാനത് കഴിച്ചു എന്നുറപ്പായതും, അവൾ ഒന്നും മിണ്ടാതെ, ഒരു ചിരി പോലും പാസാക്കാതെ തിരിഞ്ഞു നടന്നു. പോകുന്നതിനിടയിൽ, എന്റെ ചുണ്ടിൽ തട്ടിയ ആ വിരലുകൾ അവൾ മെല്ലെ നുണഞ്ഞോ എന്നൊരു സംശയം….
ഞങ്ങളെല്ലാവരും അവളെ യാത്രയാക്കാൻ പുറത്തേക്കിറങ്ങി. അവൾ കാറിൽ കയറുന്നതിന് മുൻപ്, ഞാൻ ആ കാറിന്റെ സൗന്ദര്യം ഒരിക്കൽ കൂടി ആസ്വദിക്കാൻ ഞാൻ മറന്നില്ല…