അവളുടെ ചോദ്യം കേട്ടതും ആ വയോധികന്റെ മുഖത്ത് ഒരു ബഹുമാനം തെളിഞ്ഞു.
“അടങ്കപ്പാ… ലൂക്കസ് അയ്യ പെരിയ ആളുമ്മാ… റൊമ്പ ബുദ്ധിശാലി… എപ്പോ പാർത്താലും പടിപ്പുടാ…”
(അമ്പോ… ലൂക്കസ് സാർ വലിയ ആളാ മോളേ… ഭയങ്കര ബുദ്ധിശാലിയാ… എപ്പോ നോക്കിയാലും പഠിപ്പാണ്…)
അയാൾ വാതോരാതെ പ്രൊഫസറെ പറ്റി പൊക്കി പറയാൻ തുടങ്ങി.
“അവർക്ക് തെരിയാത്ത വിഷയമേ ഇല്ലൈ… സയൻസ്, ചരിത്രം, വാനശാസ്ത്രം… എല്ലാം അത്തുപടി… ആനാ യാരു കിട്ടയും അധികം പേസമാട്ടാർ…”
(അദ്ദേഹത്തിന് അറിയാത്ത വിഷയമേ ഇല്ല… സയൻസ്, ചരിത്രം, വാനശാസ്ത്രം… എല്ലാം വശമാണ്… പക്ഷേ ആരോടും അധികം സംസാരിക്കില്ല…)
അയാൾ പറയുന്നത് കേട്ട് ഞങ്ങൾ ആകാംക്ഷയോടെ ഇരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, ഇയാൾക്ക് പ്രൊഫസറുടെ പാണ്ഡിത്യത്തെ കുറിച്ച് മാത്രമേ അറിവുള്ളൂ എന്ന്. ഞങ്ങൾ അന്വേഷിക്കുന്ന നിഗൂഢമായ കാര്യങ്ങളെക്കുറിച്ചോ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോ ഇയാൾക്ക് വലിയ ധാരണയില്ല.
അപ്പോഴേക്കും ചൂടൻ ദോശയും ചട്ണിയും സാമ്പാറും മേശപ്പുറത്തെത്തി.
പിന്നീട് സംസാരം നിർത്തി എല്ലാവരും കഴിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. ഇടയ്ക്ക് ഞങ്ങൾ വീണ്ടും ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കാൻ ശ്രമിച്ചെങ്കിലും, “അതെനക്ക് തെരിയാതു തമ്പി” (അതെനിക്ക് അറിയില്ല അനിയാ) എന്ന മറുപടിയാണ് ലഭിച്ചത്.
ഭക്ഷണം കഴിച്ച് ഞങ്ങൾ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി. ബില്ല് കൊടുത്ത ശേഷം ഞങ്ങൾ പുറത്തേക്ക് നടന്നു.