“നേരേ പോയി… അപ്പടി റൈറ്റ്… അന്ത സിഗ്നൽ താണ്ടി…”
അയാൾ പറഞ്ഞതൊക്കെ തലയാട്ടി കേട്ട് കൃതിക തിരികെ വന്നു.
“നേരെ പോയിട്ട് ആദ്യത്തെ ജംഗ്ഷനിൽ നിന്നും റൈറ്റ് എടുക്കണം. പിന്നെ ഒരു സിഗ്നൽ കഴിയുമ്പോൾ ലെഫ്റ്റ്… അവിടെയാണത്രേ…”
അവൾ പറഞ്ഞ വഴി മനസ്സിൽ കുറിച്ചിട്ടുകൊണ്ട് ഞാൻ വണ്ടി മുന്നോട്ടേടുത്തു.
അയാൾ പറഞ്ഞ വഴിയും, ഇടയ്ക്കിടെ ഗൂഗിൾ മാപ്പിലെ നീല വരയും നോക്കാൻ ശ്രമിച്ചും ഞങ്ങൾ യാത്ര തുടർന്നു. വഴിയിൽ സംശയം തോന്നിയ സ്ഥലങ്ങളിലൊക്കെ വണ്ടി നിർത്തി, വഴിയരികിൽ കണ്ട നാട്ടുകാരോട് വഴി ചോദിച്ചു.
“അണ്ണാ… തപാലാപ്പീസ്…?”
ചിലർ കൈ ചൂണ്ടി കാണിച്ചുതന്നു. ചിലർ തലയാട്ടി അറിയില്ലെന്ന് പറഞ്ഞു.
ഏകദേശം അരമണിക്കൂർ നേരത്തെ യാത്രക്കൊടുവിൽ, ഒരു പഴയ കെട്ടിടത്തിന് മുന്നിൽ ഞങ്ങൾ എത്തിച്ചേർന്നു.
ചുവന്ന പെയിന്റടിച്ച, ഓടുമേഞ്ഞ ഒരു ചെറിയ കെട്ടിടം. മുന്നിൽ വലിയൊരു ചുവന്ന പോസ്റ്റ് ബോക്സും നിൽപ്പുണ്ട്.
ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി.
“എത്തി… ഇതാണ് സ്ഥലം.”
ഞാൻ സീറ്റ് ബെൽറ്റ് അഴിച്ചുകൊണ്ട് പറഞ്ഞു. എല്ലാവരും ആകാംഷയോടെ ആ കെട്ടിടത്തിലേക്ക് നോക്കി. ഞങ്ങളുടെ അന്വേഷണത്തിന്റെ ആദ്യത്തെ ഉത്തരം അവിടെയുണ്ടാകും എന്ന പ്രതീക്ഷയോടെ.
കാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തന്നെ ഉച്ചവെയിലിന്റെ ചൂട് മുഖത്തേക്കടിച്ചു. തമിഴ്നാടിന്റെ പ്രത്യേകതയാണത്, വെയിലിന് ചൂട് മാത്രമല്ല, വല്ലാത്തൊരു കാഠിന്യം കൂടിയുണ്ട്.