പോലീസുകാരൻ പറഞ്ഞത് കേട്ട് നിരഞ്ജൻ ആലോചനയിലാഴ്ന്നു. വെറുമൊരു കള്ളൻ എന്തിനാണ് ഈ മരണവണ്ടി മോഷ്ടിക്കുന്നത്? അതും ഒരു ബോയ്‌സ് ഹോസ്റ്റലിലേക്ക് തന്നെ ഇത് ഇടിച്ചു കയറ്റിയതിൽ എന്തോ ഉദ്ദേശമില്ലേ?
ആ ബോയ്‌സ് ഹോസ്റ്റലിൽ അന്ന് താമസിച്ചിരുന്നവർ ആരായിരുന്നു? ലയയെ പീഡിപ്പിച്ച ആ രാഷ്ട്രീയക്കാരുടെ മക്കൾ അവിടെ ഉണ്ടായിരുന്നോ?
നിരഞ്ജൻ ചിന്തിച്ചു പെട്ടന്ന് ഒരു കാര്യം ഓർത്തപ്പോൾ നിരഞ്ജന്റെ സിരകളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. അല്പം മുൻപ് വിഷ്ണുവിന്റെ വീടിന്റെ പിന്നാമ്പുറത്ത് കണ്ട ആ പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ അവന്റെ കൺമുന്നിൽ തെളിഞ്ഞു വന്നു. കാടുപിടിച്ചു കിടക്കുന്ന തോട്ടത്തിന് നടുവിൽ, കരിങ്കല്ലുകൾ അടർന്നു വീണ ആ ഹോസ്റ്റൽ കെട്ടിടം.
”അതെവിടെയാ… ആ ബസ് ഇടിച്ചു കയറിയ ആ ഹോസ്റ്റൽ ഇപ്പോൾ എവിടെയാ?”
ഒരുതരം വെപ്രാളത്തോടെ നിരഞ്ജൻ ആ പോലീസുകാരന്റെ തോളിൽ പിടിച്ചു ചോദിച്ചു.
പോലീസുകാരൻ പതുക്കെ ആ സ്ഥലം വിവരിച്ചു. അയാൾ പറഞ്ഞു നിർത്തിയതും നിരഞ്ജന്റെ ഉള്ളൊന്നു കാളി. അത് വിഷ്ണുവിന്റെ വീടിന്റെ തൊട്ടുപിന്നിലുള്ള ആ പഴയ പറമ്പ് തന്നെയായിരുന്നു!
നിരഞ്ജൻ ആ തകർന്ന ബസ്സിന്റെ മുൻഭാഗത്തേക്ക് ഒരിക്കൽ കൂടി നോക്കി. എല്ലാം ഒരു ഭീകരമായ ചിത്രമായി അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു:
അത് വെറുമൊരു മോഷണമോ അപകടമോ ആയിരുന്നില്ല. ലയയുടെ ക്രൂരമായ ബലാത്സംഗത്തിന് സാക്ഷിയായ ഈ ബസ്സ്, തെളിവുകൾ സഹിതം ആ ഹോസ്റ്റലിലേക്ക് ഇടിച്ചു കയറ്റിയത് എന്തിനായിരിക്കും?