പക്ഷേ, തിരിയും മുൻപേ… തണുത്തു മരവിച്ച ആ കൈകൾ എന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു…
ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി. ആ വൃദ്ധയുടെ പിടിക്ക് വല്ലാത്തൊരു ശക്തിയുണ്ടായിരുന്നു.
ഞാൻ അമ്പരപ്പോടെ അവരുടെ മുഖത്തേക്ക് നോക്കി.
അതുവരെ മങ്ങിയിരുന്ന അവരുടെ കണ്ണുകളിൽ ഇപ്പോൾ വല്ലാത്തൊരു തിളക്കം.
അവർ എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കുകയാണ്. ആ നോട്ടം എന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറുന്നതുപോലെ തോന്നി.
“അപൂർവ്വ പിറവിയാണ്… കാലങ്ങൾ കാത്തിരുന്ന ജന്മം…”
അവരുടെ കണ്ണുകൾ എന്റെ മുഖത്ത് നിന്നും മാറുന്നില്ല.
“നിന്നെ കാക്കാൻ… കൂട്ടിന് രണ്ട് കവചങ്ങളുണ്ട്… സുന്ദരമായ രണ്ട് വെളിച്ചങ്ങൾ… പക്ഷേ…”
അവരുടെ ശബ്ദം ഒന്ന് താഴ്ന്നു. പിടി മുറുകി.
“അതിലൊന്ന്… അധികകാലം കൂടെയുണ്ടാവില്ല… കാലം അത് കവർന്നെടുക്കും… നിന്റെ കൈകൾക്ക്… നിന്റെ ശക്തിക്ക്… അതിനെ തടുക്കാനാവില്ല…”
എന്താണ് പറയുന്നതെന്ന് മനസ്സിലാവാതെ ഞാൻ പകച്ചു നിന്നു.
“പക്ഷേ… തോൽക്കരുത്… തളരരുത്… കർമ്മങ്ങൾ ഇനിയും ബാക്കിയാണ്… ചെയ്ത് തീർക്കാൻ ഒരുപാടുണ്ട്…”
അവർ എന്റെ കൈവിട്ടു. ശേഷം ക്ഷേത്ര ഗോപുരത്തിലേക്ക് നോക്കി കൈകൂപ്പിക്കൊണ്ട് അവർ പിറുപിറുത്തു:
“വിധി… ഈ വിധി മാറ്റാൻ… അവൾക്കേ കഴിയൂ… അവളേ കണ്ടെത്തുക… അവളോട് മാത്രം പ്രാർത്ഥിക്കുക…”
അവരുടെ ആ വാക്കുകൾ കേട്ടതും, ചുറ്റുമുള്ള ശബ്ദങ്ങളെല്ലാം നിലച്ചതുപോലെ… കൺമുന്നിൽ വലിയൊരു ഇരുട്ട് വന്ന് മൂടുന്നത് പോലെ എനിക്ക് തോന്നി.