പതിയെ പതിയെ ഞാൻ പോലുമറിയാതെ അവൾ എന്റെ ശീലമായി മാറി. പിന്നീട് എപ്പോഴോ അതൊരു ആത്മബന്ധത്തിനും മുകളിലേക്ക് വളർന്നു.””
അവൾ ആകാശത്തേക്ക് നോക്കി, അവിടെ എവിടെയോ നിധിയുടെ മുഖം കാണുന്നതുപോലെ.
“””ഞാനൊരു നിഴലായിരുന്നു ദേവാ, വെളിച്ചത്തെ ആശ്രയിക്കുന്ന നിഴൽ. അവളായിരുന്നു ആ വെളിച്ചം.
എനിക്ക് വേണ്ടി സംസാരിച്ചിരുന്നത് അവളായിരുന്നു. ഞാൻ പറയാൻ ആഗ്രഹിച്ചതും, പക്ഷേ തൊണ്ടയിൽ കുരുങ്ങിപ്പോയതുമായ വാക്കുകൾക്ക് ശബ്ദം നൽകിയത് അവളാണ്.
ശരിക്കും പറഞ്ഞാൽ, എന്റെ ലോകം അവളിലേക്ക് ചുരുങ്ങി. അവൾ ചിരിച്ചാൽ ഞാൻ ചിരിക്കും, അവൾ കരഞ്ഞാൽ എനിക്ക് വേദനിക്കും.
രണ്ട് ശരീരമാണെന്നേയുള്ളൂ, മനസ്സ് കൊണ്ട് ഞങ്ങൾ ഒന്നാണ്. നിധിയില്ലെങ്കിൽ ഈ ആമിയില്ല… അത്രമേൽ അവളെന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.”””
പറഞ്ഞു നിർത്തുമ്പോൾ ആമിയുടെ ശബ്ദം ഇടറിയിരുന്നു. അവളുടെ വാക്കുകളിൽ നിധിയോടുള്ള സ്നേഹം ഒരു കടൽ പോലെ ഇരമ്പുന്നത് എനിക്ക് കാണാമായിരുന്നു.
രക്തബന്ധത്തേക്കാൾ എത്രയോ വലിയ ബന്ധമാണ് അവരുടേതെന്ന് ആ നിമിഷം ഞാൻ തിരിച്ചറിയുകയായിരുന്നു.
ഞാൻ വെറുതെ ഉള്ളിലേക്കൊന്നെത്തി വലിഞ്ഞു നോക്കി. അവിടെ സീറ്റിൽ സച്ചിനോടും രാഹുലിനോടും തർക്കിച്ചു ജയിച്ച് പൊട്ടിച്ചിരിക്കുന്ന നിധിയെ കാണാം.
ആ ചിരിക്ക് പിന്നിൽ, ആമിയെന്ന ഒരു പാവം പെൺകുട്ടിയുടെ ജീവശ്വാസമുണ്ടെന്ന് ഞാനപ്പോഴാണ് ശരിക്കും മനസ്സിലാക്കിയത്….
ആമിയുടെ വാക്കുകളിൽ ഒരു നിമിഷം മൗനം വന്നു നിറഞ്ഞു.