പ്ലാറ്റ്‌ഫോമിലെ തിരക്കുകൾ പിന്നിലേക്ക് പതിയേ വഴുതിമാറി പോകുന്നു….
നിധിയുടെ മുഖത്ത് പരിഭ്രാന്തി പടർന്നു.
”നമുക്ക് ഇറങ്ങിയാലോ?എനിക്കെന്തോ ഒരു പേടി….”
അവൾ എന്റെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു….
”വേണ്ട… വെയിറ്റ് ചെയ്യാം….”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ എന്റെ കണ്ണുകൾ അപ്പോഴും പ്ലാറ്റ്‌ഫോമിലേക്ക് തന്നെയായിരുന്നു
പെട്ടെന്നാണ് ദൂരെ നിന്നും ഓടി വരുന്ന ആ രൂപങ്ങൾ കണ്ണിൽ പെട്ടത്.
സച്ചിനും രാഹുലും, അവരുടെ മുന്നിലായി ഓടുന്ന റോസും കൃതികയും ആമിയും!
അവരുടെ കൈകളിൽ നിറയെ കവറുകളുണ്ട്.
പ്ലാറ്റ്‌ഫോമിലൂടെ അവർ ട്രെയിനിനൊപ്പം ഓടുകയാണ്. സച്ചിനും രാഹുലും പിന്നിൽ നിന്ന് അവരോട് വേഗം കയറാൻ ആക്രോശിക്കുന്നുണ്ടായിരുന്നു.
ആദ്യം റോസ്, തൊട്ടുപിന്നാലെ കൃതിക; രണ്ടുപേരും ആഞ്ഞുപിടിച്ച്
ഫുട്ബോർഡിലേക്ക് ചാടിക്കയറി. ശ്വാസം കിട്ടാതെ കിതച്ചുകൊണ്ട് അവർ അകത്തേക്ക് നീങ്ങിനിന്നതും ആമി വാതിൽക്കലേക്ക് കൈനീട്ടി. പക്ഷേ കുറച്ചുകൂടി വേഗത കൈവരിച്ച ട്രെയിനിന്റെ കമ്പിയിൽ അവൾക്ക് പിടി കിട്ടുന്നില്ലായിരുന്നു. ആ വെപ്രാളം കണ്ട് ഞാൻ കൈ നീട്ടിയതും അവളതിൽ മുറുകെ പിടിച്ചു. കിതച്ചുകൊണ്ട് എന്റെ കൈകളിൽ അഭയം തേടിയ അവളെ സർവ്വ ബലവും കൊടുത്ത് ഞാൻ അകത്തേക്ക് വലിച്ചു കയറ്റി
പെണ്ണുങ്ങളെല്ലാം സുരക്ഷിതമായി കയറി എന്ന് ഉറപ്പായതും, ഏറ്റവും അവസാനമായി സച്ചിനും രാഹുലും ആ ഓട്ടത്തിനിടയിൽ തന്നെ അനായാസം ഫുട്‌ബോർഡിലേക്ക് ചാടിക്കയറി.