“വേണ്ട, നൂറ മരിക്കുന്നതിന് തുല്യമാകും അത്. അവൾക്ക് മാനസികമായി പിന്നെ അതിജീവിക്കാൻ സാധിക്കില്ല.” വാഹിദ് പറഞ്ഞു.
“അവൾ അറിയില്ല. നാളെ ഇക്കയ്ക്ക് അബുദാബി പോകാനുള്ളതല്ലേ. ഇക്കയ്ക്ക് പകരം ചുമതല അവളെ ഏൽപ്പിക്കൂ. എത്താൻ എന്തായാലും വൈകുന്നേരമാകും.” ജാസ്മിൻ പ്രതിവിധി കണ്ടെത്തി.
“നാളെയല്ലല്ലോ, മണ്ടേ അല്ലേ. നാളെ സൺഡേയല്ലേ.”
“എങ്കിൽ മൺഡേ. നാളെ നൂറയോടൊപ്പം ഒന്ന് കറങ്ങി മനസ്സൊക്കെ സെറ്റാക്കിയെടുക്കൂ. മൺഡേ കുട്ടികളെ സ്കൂളിൽ വിട്ട് ഞാൻ അങ്ങോട്ട് വരും. എന്നെ പറ്റിക്കരുത്.” വാഹിദ് മറുപടി പറയുന്നതിന് മുമ്പേ ജാസ്മിൻ നൂറയുടെ അടുത്തേക്ക് പോയി.തിരിഞ്ഞു നടക്കുമ്പോൾ ഒന്ന് തിരിഞ്ഞു നിന്ന് അവൾ വാഹിദിനോട് പറഞ്ഞു.
“ടെൻഷൻ ആവണ്ട. നൂറ എന്നേക്കാൾ നാലഞ്ച് വയസ്സ് ചെറുപ്പം മാത്രമാണെങ്കിലും എനിക്ക് എന്റെ മകളെ പോലെയാണ്. അവൾക്ക് വേദനിക്കാതെ ഞാൻ നോക്കിക്കോളാം.” അതും പറഞ്ഞ് ജാസ്മിൻ റോഡ് മുറിച്ചു കടന്ന് മലയോട് ചേർന്ന് നിൽക്കുന്ന റോഡ് സൈഡിൽ സെറ്റ് ചെയ്ത ടെന്റിന്റെ അടുത്തേക്ക് പോയി.
അനവധി ടെൻറ്റുകൾ അങ്ങുമിങ്ങും കൂടാരാമടിച്ചു നിൽക്കുന്നുണ്ട്. അതിന്റെയൊക്കെ ചാരത്ത് അടുപ്പ് സജ്ജമാക്കി പലരും ബാർബിക്യു തയ്യാറാക്കുന്നു. ബ്ലൂട്ടൂത് സ്പീക്കറിൽ പാകിസ്ഥാനികൾ ഉച്ചത്തിൽ ഹിന്ദി സിനിമാഗാനങ്ങൾ പ്ലേ ചെയ്തു വച്ചിട്ടുണ്ട്. ഓടിക്കളിക്കുന്ന കുട്ടികളും ചിരിച്ചു കുഴയുന്ന പല രാജ്യക്കാരായ സൗന്ദര്യധാമങ്ങളും അൽപ്പ വസ്ത്രദാരിണികളായ സൗന്ദര്യപ്രേമികളായ യുവതികളും ഉറക്കെ സംസാരിച്ചും തമാശ പറഞ്ഞും ചുറ്റിതിരിയുന്ന പുരുഷന്മാരും എല്ലാം ചേർന്ന് ഒരുത്സവ പ്രതീതി.