“നൂറ നിങ്ങളെ സ്നേഹിക്കുന്നുണ്ട്. ഈ സമ്പന്ന രാജ്യത്തിന്റെ പകിട്ടിൽ പെട്ട്പോയിട്ടില്ലാത്ത ഒരു പാവം നാട്ടുമ്പുറത്തുകാരി പെണ്ണാണ് അവൾ. അവൾക്ക് നല്ല നോവായിരിക്കും ആ സ്നേഹം അവോയ്ഡ് ചെയ്യപ്പെട്ടാൽ.” സുധീർ ആരോടെന്നില്ലാതെ പറഞ്ഞു.
“അറിയാം. അവൾക്ക് എന്റെ മനസ്സും മനസ്സിലായിട്ടുണ്ട്. പക്ഷേ ഉള്ളിൽ ബേജാർ ഉണ്ടായിട്ടും പുറമേ കാണിക്കാതെ, ഞാനാണ് ശരി എന്ന ഭാവത്തിൽ പെരുമാറുകയാണ്, എനിക്കറിയാം.” വാഹിദ്, റോഡിനപ്പുറം അടുപ്പിലെ തീ അണയാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന നൂറയെ നോക്കി പറഞ്ഞു.
“ജോർജിന്റെ കാര്യം എങ്ങനാ.?” സുധീർ വാഹിദിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“അയാളുടെ താവളം എവിടെയാണെന്ന് അറിയണം ആദ്യം. എന്നിട്ട് ശാരിയുടെ മരണത്തിൽ അയാളുടെ പങ്കെന്താണെന്ന് അറിയണം. അല്ലെങ്കിൽ ആർക്കാണ് പങ്കെന്ന് അറിയണം. രമ്യ അയാളുടെ മകന്റെ ഫ്ലാറ്റിൽ വച്ചാണ് കണ്ടതെങ്കിൽ അതായിരിക്കില്ല അയാളുടെ തമാശ സ്ഥലം. പെണ്ണ് പിടിക്കാൻ മാത്രം വന്നതാവണം.” വാഹിദ് പറഞ്ഞു.
“അതിന് നമുക്ക് രമ്യയെ തന്നെ ഏൽപ്പിക്കാം. അയാളിൽ നിന്ന് എന്തെങ്കിലും അറിയാതിരിക്കില്ല. പ്രത്യേകിച്ച് രേണുക നിങ്ങളെ കുറിച്ച് സംസാരിച്ച സ്ഥിതിക്ക് എവിടെയോ എന്തോ കെട്ടുപിണഞ്ഞു കിടപ്പുണ്ട്.” സുധീർ പറഞ്ഞു. വാഹിദ് ഒന്ന് മൂളുകമാത്രം ചെയ്തു.
അപ്പോഴേക്കും ജാസ്മിൻ അങ്ങോട്ട് വന്നു. അവരുടെ കുട്ടികൾ ടെൻറ്റിൽ നിന്ന് പുറത്തേക്ക് വന്നു നൂറയുടെ അടുത്തിരുന്നു അവളോട് എന്തൊക്കെയോ പറഞ്ഞുകുറുമ്പ് കാട്ടിക്കൊണ്ടിരുന്നു.