“നാണമില്ലാത്ത പെണ്ണ്, കണ്ടില്ലേ കൊള്ളാവുന്ന ഒരുത്തനെ കണ്ടപ്പോ പബ്ലിക് ആയി കെട്ടിപ്പിടിച്ചു നിൽക്കുന്നെ. എന്തൊക്കെ ആയിരുന്നു, സെറ്റിലായില്ല, എന്നിട്ട് മതി കല്യാണം. ദുബായ് കത്തി, അമ്പും വില്ലും..” സുധീർ നൂറയെ കളിയാക്കി.
പിന്നിൽ നിന്ന് അവന്റെ ശബ്ദം കേട്ട് രണ്ട് പേരും തിരിഞ്ഞു നോക്കി. അവൾക്ക് ചമ്മലിന് പകരം ആ തമാശ സന്തോഷമാണ് നൽകിയത്. നൂറ അൽപ്പം കൂടി വാഹിദിനോട് ചേർന്ന് നിന്നു.
“ഇത്രയല്ലേ കണ്ടുള്ളൂ. ഇനി പലതും കാണണ്ടി വരും. അതോണ്ട് പൊന്നുമോൻ ഈ വഴി വരാതിരുന്നാൽ മതി.” അവൾ ചുണ്ട് കോട്ടിക്കൊണ്ട് സുധീറിന് മറുപടി നൽകി.
“നാണം കെട്ടവളെ, ജ്യേഷ്ഠനോട് പറയുന്ന പറച്ചിൽ കേട്ടില്ലേ. സാറേ സൂക്ഷിച്ചു കൈകാര്യം ചെയ്തോ. ആള് അലമ്പാ ട്ടാ..” സുധീർ അവളോട് കണ്ണുരുട്ടി. അവൾ ഇളിച്ചു കാട്ടി നിന്നതേയുള്ളൂ.
“നീ ജാസിന്റെ അടുത്തേക്ക് ചെല്ല്, അവൾ തനിച്ചാ.” സുധീർ നൂറയെ മാറ്റി നിർത്താൻ വേണ്ടി പറഞ്ഞു. നൂറ ജാസ്മിന്റെ അടുത്തേക്ക് പോയി.
“നൂറ എന്നോട് കുറേ കാര്യങ്ങൾ സംസാരിച്ചു. കേട്ട് കേൾവി മാത്രമുണ്ടായിരുന്ന മാഡത്തിന്റെ മരണ വാർത്തയുടെ സത്യാവസ്ഥ കേട്ടപ്പോൾ എന്ത് വേണമെന്ന് അറിയാത്ത സ്ഥിതിയിൽ ആയി. ഇനിയെന്താണ് സാറിന്റെ ഉദ്ദേശം.?” സുധീർ വാഹിദിന്റെ സമീപം വന്നു നിന്നു. വാഹിദ് അൽപനേരം ദൂരെ ഇരുട്ടിലേക്ക് നോക്കി നിന്നു. കാറ്റിനു നല്ല കുളിരുണ്ട്. അവന്റെ മുഖവും മുടിയിഴകളും അതേറ്റു വാങ്ങി.
“എനിക്കീ കമ്പനിയിൽ ഇനിയൊരു പങ്കുമില്ല സുധീർ. എന്നെ പേര് വിളിച്ചാൽ മതി, ഈ സാർ വിളി ബോറാകുന്നുണ്ട്. ഇനി എനിക്ക് ചെയ്യാനുള്ളത് എന്റെ ലൈഫ് പറിച്ചെറിഞ്ഞ മനുഷ്യരെ കാണുക, എന്ത് നേടി എന്ന് ചോദിക്കുക. എന്റെ കുഞ്ഞിനെ തിരികെ തരാൻ പറയുക. അത്ര തന്നെ.” വാഹിദിന്റെ ശബ്ദം ഉറച്ചു.