അത് തന്നെയായിരുന്നു ശരിയായ തീരുമാനവും. പക്ഷേ അയാളെ കൊല്ലാൻ മാത്രം ശക്തമായി ആയുധം കൈകാര്യം ചെയ്യാൻ ആ സ്ത്രീയുടെ കൈക്കരുത്ത് മതിയായില്ല. ഒരു കൊലപാതകിയാവാൻ അല്ലല്ലോ താൻ ജീവിതത്തോട് പോരാടി വിദ്യാഭ്യാസവും ഉന്നത വിജയങ്ങളും താണ്ടിയത്.
നൂറയുടെ പ്രണയം പെട്ടന്ന് വാഹിദിന്റെ ചിന്തമണ്ഡലത്തിലേക്ക് കയറി വന്നു. അവൾ എത്ര മനോഹരമായിട്ടാണ് തന്നെ പ്രണയിക്കുന്നത്. അച്ചടക്കവും മിതത്വവും എന്നാൽ തീക്ഷണവുമാണ് അവളുടെ പ്രണയം. തനിക്ക് വച്ച് നീട്ടിയിരിക്കുന്ന ഈ പിഴച്ച ബിസിനസ് സാമ്രാജ്യത്തിൽ നിന്ന് താൻ ഒഴിഞ്ഞു മാറുകയാണ് എന്ന് മനസ്സിലായപ്പോൾ മുതൽ, ഈ രാജ്യത്ത് പുതിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ അവൾ നിർബന്ധിക്കുന്നു. രണ്ടുപേർക്കും പാർട്ണർഷിപ്പിൽ ഒരു കോമേഴ്‌ഷ്യൽ അസിസ്റ്റൻസ് ഗ്രൂപ്പ് ആരംഭിക്കാം എന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി. കേട്ടപ്പോൾ വളരെ താത്പര്യം തോന്നി.
തന്റെ പ്രൊഫഷനുമായി ബന്ധമുള്ള ലോകം. അക്കൗണ്ടിങ്ങും ഓഡിറ്റിങ്ങും ബിസിനസ് സപ്പോർട്ടിങ്ങുമൊക്കെയായി തനിക്ക് പരിചയമുള്ള പ്രവർത്തന മേഖല. പക്ഷേ ഒന്നും മറുപടി പറഞ്ഞില്ല, ആലോചിക്കാം എന്ന് മാത്രം പറഞ്ഞു ഒഴിഞ്ഞു മാറി. പക്ഷേ അവൾ ആ തീരുമാനത്തിൽ ഉറച്ചു നിൽപ്പാണ്. നിലവിൽ പല കമ്പനികളുമായി നല്ല ബന്ധമുള്ള നൂറ പറയുന്നത് വളരെ വേഗം നല്ലൊരു വളർച്ച കമ്പനിക്ക് ഉണ്ടാവുമെന്നാണ്.
പക്ഷേ തന്റെ തലയിൽ ഇപ്പോൾ സ്വന്തം വിജയത്തെക്കാൾ കൂടുതൽ താൻ അകപ്പെട്ടിരിക്കുന്ന കുരുക്കിൽ നിന്ന് പുറത്തു ചാടുക എന്നതാണല്ലോ. ശാരിക മരിച്ചു കഴിഞ്ഞ സ്ഥിതിക്ക് നിയമപരമായി ഭർത്താവായ താൻ ആരുടെ പേരിലേക്ക് തന്റെ ഷെയർ കൈമാറണം എന്നതാണ് വിഷയം. ആകെയുള്ള സഹോദരൻ ശരത് ജീവനോടെയുണ്ടോ എന്ന് പോലും അറിയില്ല. രാജൻചേട്ടൻ തന്നിൽ നിന്ന് അകന്ന് നിൽക്കുകയും ശത്രുവിനെ പോലെ മാറ്റി നിർത്തുകയും ചെയ്യുന്നു. എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്.?