ഓടിതളർന്നപ്പോൾ രണ്ട് പേരും കുറച്ചു സമയം നിന്ന് കിതപ്പടക്കിയിട്ടു വീണ്ടും നടന്ന് തുടങ്ങി. ചെല്ലും തോറും അന്തരീക്ഷത്തിലെ മഞ്ഞപ്രഭ അടുത്തു വരികയും കണ്ണെത്താ ദൂരത്തോളം വിളക്കുകാലുകൾ നിരനിരയായി പ്രകാശിച്ചു നീണ്ടു പോകുന്ന റോഡ് പ്രത്യക്ഷപ്പെടുകയും ചെയ്തു.
വിൻസന്റിന്റെ മൊബൈൽ സ്ക്രീൻ പാസ്സ്‌വേർഡ് എലിസബത്തിന് അറിയാമായിരുന്നു. അവന്റെ ജന്മദിനമാണ്. എക്കാലത്തും അതുതന്നെയായിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് അവൾ ആ നമ്പർ അടിച്ചുനോക്കിയപ്പോൾ മൊബൈൽ ആക്റ്റീവ് ആയിക്കിട്ടി. ഗൂഗിൾ ഓപ്പൺ ചെയ്ത് ശാരീസ് ഗ്രൂപ്പ് സെർച്ച് ചെയ്ത് കോൺടാക്ട് നമ്പർ സേവ് ചെയ്തു. പിന്നെ ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചു വാഹിദിന്റെ കോൺടാക്ട് നമ്പർ തിരക്കി.
“എക്സ്ട്രീംലി സോറി മാഡം. വി ഡോണ്ട് ഹാവ് എനി പെർമിഷൻ ടു ഷെയർ ഹിസ് നമ്പർ.” അവൾക്ക് കിട്ടിയ മറുപടി അങ്ങിനെയായിരുന്നു. എലിസബത്തിൽ നിരാശ പടർന്നു. വാഹിദ് ഇവിടെയുണ്ടെന്ന് വിൻസന്റ് പറഞ്ഞപ്പോൾ തന്നെ അവൾക്കൊരു നവോന്മേഷം അനുഭവപ്പെട്ടിരുന്നു.
രക്ഷപ്പെടണം എന്ന ചിന്ത ആ ബംഗാളികളുടെ അറപ്പുള്ള ഉമിനീരിന്റെ ദുർഗന്ധം സഹിച്ചു കിടക്കുമ്പോൾ തന്നെ തോന്നി തുടങ്ങിയിരുന്നു. ഇപ്പോഴും ആ നാറ്റം വിട്ട് മാറിയിട്ടില്ല. എത്ര കൃത്യമായിട്ടാണ് കാലം ജീവിതങ്ങൾ മാറ്റിമറിക്കുന്നത് എന്ന് എലിസബത്ത് ചിന്തിച്ചു.
അദ്ധ്യായം 16
തിങ്കളാഴ്ച.!
നല്ല തണുപ്പുള്ള പ്രഭാതം. തലേദിവസത്തെ ജബൽ ഹഫീത്ത് യാത്രയും ഉറക്കച്ചടവും, തിരികെ റൂമിൽ എത്തിയപ്പോൾ വിടാതെ കൂടിയ നൂറയെന്ന പൂങ്കാവനത്തിലെ അഴിഞ്ഞാട്ടവും കൊണ്ട് വാഹിദ് നന്നായി ക്ഷീണിച്ചിരുന്നു. അത് കൊണ്ട് അബുദാബിയിലേക്ക് കൂടെച്ചെല്ലാൻ നൂറ ഒരുപാട് നിർബന്ധം പിടിച്ചെങ്കിലും വാഹിദ് ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി.