ഇരുട്ട് മൂടിയ വിശാലമായ മണൽ ഭൂമി.
പൊങ്ങിയും താഴ്ന്നും തിരമാലകണക്കെ രൂപപ്പെട്ട മണൽതിട്ടകളിൽ ഇരുട്ടി തുടങ്ങിയ പകലിന്റെ അവസാന വട്ട വെട്ടം സമയം കാത്തിരിക്കുന്നത് പോലെ അവശേഷിക്കുന്നുണ്ട്. ഹെഡ്‌ലൈറ്റ് ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ചെറിയ മണൽകൂനകളിലും തിട്ടകളിലും കയറിയിറങ്ങി ആടിയുലഞ്ഞും നിരപ്പായ മണൽപരപ്പിലൂടെ ചീറിപ്പാഞ്ഞും മുന്നോട്ട് പോകുന്നതിനിടയിൽ വിൻസെന്റ് ഫോണെടുക്കാൻ വേണ്ടി സീറ്റിൽ തപ്പിനോക്കി.
ഫോൺ കൈയിൽ തടയാത്തത് കൊണ്ട് വണ്ടി നിർത്തി അകം മുഴുവൻ പരിശോധിച്ചു. ബംഗാളികളോട് ചോദിക്കുകയും അവരെ അടിമുടി പരിശോധിക്കുകയും ചെയ്തിട്ടും ഫലം കിട്ടാതായപ്പോൾ അയാൾ വണ്ടി തിരിച്ചു മസ്രഅയിലേക്ക് കുതിച്ചു.
അരണ്ട വെളിച്ചത്തിൽ പതിയിരിക്കുന്ന കൂടാരത്തിന്റെ മുന്നിൽ വണ്ടി നിർത്തി ചാടിയിറങ്ങി വിൻസന്റ് അകത്തേക്ക് കുതിച്ചു. മുനിഞ്ഞു കത്തുന്ന വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ, മൗനം തളം കെട്ടി നിൽക്കുന്ന കൂടാരം ശൂന്യമായിരുന്നു.
എലിസബത്തിനെ വിളിച്ച് അലറിക്കൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ വണ്ടി സ്റ്റാർട്ട് ആവുകയും മണലിൽ ചക്രം ഉരഞ്ഞു പൊടിപടലം ചീറ്റിക്കൊണ്ട് കാർ കുതിച്ചു പാഞ്ഞുപോവുകയും ചെയ്തു. കുറേ ദൂരം അയാൾ വാഹനത്തിന് പിന്നാലെ ഓടിയെങ്കിലും, ഇരുണ്ട അന്തരീക്ഷത്തിലേക്ക് പൊടിപറത്തിക്കൊണ്ട് ആ വാഹനം അതിവേഗം അയാളുടെ കണ്ണിൽ നിന്ന് മാഞ്ഞുപോയി. കിതച്ചു കൊണ്ട് മണലിൽ മുട്ടുകുത്തിയിരുന്നു വിൻസന്റ് പോക്കറ്റിൽ നിന്ന് മറ്റൊരു ഫോൺ പുറത്തേക്ക് എടുത്തു പോലീസ് ഹെല്പ്ലൈൻ നമ്പർ ഡയൽ ചെയ്തു.