“ന്താ ഇത്. എന്റെയൊപ്പം കഴിയുന്ന സമയം പോലും മറ്റു പെണ്ണുങ്ങളുമായി കിന്നാരം. എന്താ കാര്യം.?” അവൾ ചൊടിച്ചു. അവൻ അവളെ കൈയിൽ പിടിച്ചു ചാരത്തേക്ക് നിർത്തി ഫോൺ വാങ്ങി പോക്കറ്റിൽ ഇട്ടു.
“എടീ പോത്തേ, കിന്നാരം പറയാൻ വിളിച്ചതല്ല. തന്റെ ഇക്കയോട് ചോദിച്ചാൽ മതി എന്താ രമ്യയുടെ വിഷയം എന്ന്.” അവൻ ചിരിയോടെ പറഞ്ഞു.
“ഇക്കയോട് ചോദിക്കാനുള്ളത് ഇക്കയോട് ചോദിച്ചോളാം. മര്യാദക്ക് പറഞ്ഞോ, എന്തിനാ ഇപ്പൊ വിളിച്ചത്.?” അവൾ തർക്കിച്ചു.
“എനിക്ക് വേണ്ടപ്പെട്ട ഒരാൾ ഇവിടെയുണ്ട്. അയാളെ രമ്യയ്ക്ക് അറിയാം. കണ്ടുപിടിക്കാൻ സഹായം ചോദിച്ചു വിളിച്ചതാ.” അവൻ അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
“സാറേ സംഭവം മിനക്കേട് ആണെന്ന് ഞാൻ നേരത്തെ പറഞ്ഞില്ലേ. ഇനിയും വൈകിയിട്ടില്ല, വേഗം രക്ഷപ്പെട്ടോ.” അത് കേട്ട് കൊണ്ട് വന്ന സുധീർ നൂറയെ കളിയാക്കി. അയാളുടെ ഒപ്പം കുട്ടികളെയും കൊണ്ട് വന്ന ജാസ്മിൻ ചിരിച്ചു.
“നമുക്ക് ഭക്ഷണം കഴിക്കാം. തണുപ്പ് കൂടിക്കൂടി വരും. തണുത്തു പോകുന്നതിനു മുമ്പ് കഴിക്കുന്നതാ നല്ലത്.” ജാസ്മിൻ പറഞ്ഞു. അവളുടെ പെരുമാറ്റത്തിൽ കണ്ട മാന്യതയും ഒതുക്കവും അച്ചടക്കവും വാഹിദിനെ അത്ഭുതപെടുത്തി. ഇത്രേ നേരവും തന്നോട് കൂടെക്കിടക്കാൻ വാദിച്ച, കാടിളക്കി അടിച്ചു കൊടുക്കാൻ പറഞ്ഞ പെണ്ണാണെന്ന് തോന്നുകയേ ഇല്ലായിരുന്നു ആ പെരുമാറ്റത്തിൽ. പെണ്ണുങ്ങൾ രഹസ്യങ്ങളുടെ മാമലകൾ ആണെന്ന് അവന് തോന്നി.
അദ്ധ്യായം 15
കണ്ണെത്താ ദൂരത്തോളം വിശാലമായി പരന്നു കിടക്കുന്ന ആകാശത്തിൽ വിരലിൽ എണ്ണാവുന്ന നക്ഷത്രങ്ങൾ മാത്രം അങ്ങിങ്ങു ചിതറിക്കിടക്കുന്നുണ്ട്. കാളിമായും അൽപ്പം ചാര വർണ്ണവും കലർന്ന ആകാശ വിതാനം. തണുത്ത മണലിൽ, നരച്ച കട്ടിയുള്ള വിരിപ്പിൽ മലർന്ന് കിടന്ന് എലിസബത് മേഘശൂന്യമായ വിണ്ണിലേക്ക് കണ്ണയച്ചു കിടന്നു.