അടുക്കളയിൽ കാപ്പി തിളപ്പിക്കുമ്പോൾ രമ്യ ആകെ ആശയകുഴപ്പത്തിൽ ആയിരുന്നു.
‘ഈ അവസ്ഥയിൽ എങ്ങിനെ അമ്മയോട് ടൂറിന്റെ കാര്യം പറയും. പറഞ്ഞാൽ സമ്മതിക്കാതിരിക്കില്ല. എന്നാലും. ഇപ്പോഴല്ലേ ഞാൻ ഇവിടെ വേണ്ടത്.’
എന്തായാലും ഒന്ന് സൂചിപ്പിക്കാൻ തന്നെ രമ്യ തീരുമാനിച്ചു.
കാപ്പിയുമായി റൂമിലേക്ക് ചെന്നപ്പോൾ ശോഭന നല്ല ഉറക്കത്തിൽ ആയിരുന്നു.
രമ്യ ബുദ്ധിമുട്ടിക്കാൻ നിന്നില്ല. എന്തായാലും പിന്നീട് അറിയിക്കാം എന്നവൾ തീരുമാനിച്ചു. മുറിയും അടച്ചു അവൾ പുറത്തിറങ്ങി.
അന്ന് അത്താഴത്തിനു ശേഷം രാഹുലിന് ഗുളികയും കൊടുത്ത് അവനെ ഉറക്കാൻ കിടത്തി.
രമ്യ കിടക്കുന്നതിനു മുൻപ് ശോഭനയുടെ മുറിയിൽ ഒന്നുകൂടി ചെന്നു.
മുറി തുറന്നപ്പോൾ ശോഭന ഇരുട്ടത്ത് എഴുന്നേറ്റിരിക്കുകയായിരുന്നു. പുറത്തുള്ള സ്ട്രീറ്റ് ലൈറ്റിന്റെ കോപ്പർ വെളിച്ചത്തിൽ അവളുടെ മുഖം സ്വർണനിറമായി രമ്യ കണ്ടു.
” അമ്മേ.. തലവേദന കുറവുണ്ടോ? ”
” ഹ്മ്മ്… നീ എന്താ കിടന്നില്ലേ.. ”
വളരെ തളർന്ന ശബ്ദം.
” കിടക്കാൻ പോവാ.. ചോറ് വിളമ്പി വച്ചിട്ടുണ്ട്. ഡ്രസ്സ് മാറി വന്നെടുത്തു കഴിച്ചോളൂ. ”
” ഹ്മ്മ്മ് ”
രമ്യ പിന്നെയും അവിടെ തന്നെ തങ്ങി നിന്നു.
” എന്താ ”
ശോഭ ചോദിച്ചു…
മുറിയുടെ വാതിലിൽ പതിയെ മാന്തിക്കൊണ്ട് അവൾ ചോദിച്ചു.
” അത് അമ്മേ, എന്റെ പഴയ കോളേജ് മേറ്റ്സ് എല്ലാവരും കൂടി ഒരു ടൂർ പോകുന്നുണ്ട്,മൂന്നാർ ആണ് പ്ലാൻ ഞാനും പൊയ്ക്കോട്ടേ എന്ന് ചോദിക്കാനാ.. ”
” ടൂറോ ”
” ഞാൻ അറിയുന്നവരാണോ? ”
” ആ അതെ അശ്വതിയും അൻസിയും രേഷ്മയും എല്ലാവരുമുണ്ട്. ഒരു ഡേയും നൈറ്റും ആണ് പ്ലാൻ ചെയ്തിരിക്കുന്നത് ഞാൻ പൊയ്ക്കോട്ടേ.. “